കൊച്ചി: സി.എം.ആർ.എൽ–എക്സാലോജിക് സൊല്യൂഷൻസ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി റെയ്ഡിൽ സി.പി.ഐ.എം രാഷ്ട്രീയ പ്രതിരോധത്തിന് ഒരുങ്ങുന്നതിനിടെ, വിഷയത്തിൽ നിന്നും അകലം പാലിച്ച് സി.പി.ഐ. രാഷ്ട്രീയവും ബിസിനസും രണ്ടാണെന്നും രണ്ടിനെയും ഒരുമിച്ച് കാണേണ്ടതില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.
ഇത്തരം കൊടുക്കൽ വാങ്ങലുകളിൽ സി.പി.ഐക്ക് യാതൊരു പങ്കുമില്ലെന്നും ഭാവിയിൽ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിഷയത്തിൽ സി.പി.ഐ ഒരു കക്ഷിയേ അല്ലെന്നും പാർട്ടിക്ക് ഒന്നും പറയാനില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇടതുപക്ഷ രാഷ്ട്രീയവും കച്ചവടവും വേറെയാണെന്നും ഓർമ്മിപ്പിച്ചു. മാധ്യമങ്ങളുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കും രാഷ്ട്രീയം വേറെ ബിസിനസ് വേറെ എന്ന നിലപാടിൽ തന്നെ ബിനോയ് വിശ്വം ഉറച്ചുനിന്നു.





