തിരുവനന്തപുരം: ഓണത്തിന് ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് സർക്കാർ ഇരട്ടിയാക്കി വർദ്ധിപ്പിച്ചു. 500 രൂപയുടെ ഒറ്റയടിയുള്ള വർധനവോടെ ഇത്തവണ ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് 1,000 രൂപ അലവൻസായി ലഭ്യമാകും. ആഭ്യന്തര മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഈ നടപടി. എന്നാൽ, തിരുവോണ ദിവസം ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായിരിക്കും ഈ പ്രത്യേക അലവൻസ് ലഭിക്കുക.
അതോടൊപ്പം, ബെവ്കോ ജീവനക്കാരുടെ ഓണം ബോണസിലും ഇത്തവണ സർക്കാർ വർധനവ് വരുത്തിയിട്ടുണ്ട്. മുൻവർഷത്തേക്കാൾ 2,500 രൂപ അധികമായി നൽകുന്നതോടെ പരമാവധി ബോണസ് തുക 1,05,000 രൂപയായി ഉയർന്നു. 50,000 രൂപ വരെ അഡ്വാൻസായി നൽകാനും എക്സൈസ് മന്ത്രി പങ്കെടുത്ത യോഗത്തിൽ തീരുമാനമായി.
എംപ്ലോയ്മെന്റ് ജീവനക്കാർക്കുള്ള ബോണസ് തുക 250 രൂപ വർദ്ധിപ്പിച്ച് 6,250 രൂപയാക്കി നിശ്ചയിച്ചു. സ്വീപ്പർ വിഭാഗത്തിന് 6,750 രൂപയും, ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപയും അനുവദിക്കും. ഇതിനുപുറമെ, സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസും അഡ്വാൻസും നേരത്തെ പ്രഖ്യാപിച്ചിരുന്നു. അർഹരായവർക്ക് 4,500 രൂപ ബോണസും, ബോണസിന് അർഹതയില്ലാത്തവർക്ക് 3,000 രൂപ പ്രത്യേക ഉത്സവബത്തയായും ലഭിക്കും. സർവീസ് പെൻഷൻകാർക്ക് 1,250 രൂപയാണ് ഉത്സവബത്ത. സംസ്ഥാനത്തെ മുഴുവൻ സർക്കാർ ജീവനക്കാർക്കും 20,000 രൂപ വീതം ഓണം അഡ്വാൻസായും വിതരണം ചെയ്യും.





