പത്തനംതിട്ട: ശബരിമല നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ അപ്രതീക്ഷിതമായി താഴ്ന്നു പറന്നു. 'ZP5151' എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള വ്യോമസേനാ ഹെലികോപ്റ്ററാണ് നിലയ്ക്കലിൽ എത്തിയത്. ഹെലിപ്പാഡിൽ ലാൻഡ് ചെയ്യുമെന്ന പ്രതീതി ഉണർത്തിയെങ്കിലും, ഏകദേശം പത്ത് സെക്കൻഡോളം അന്തരീക്ഷത്തിൽ നിലയുറപ്പിച്ച ശേഷം ഹെലികോപ്റ്റർ തിരികെ പറന്നുപോവുകയായിരുന്നു. ഔദ്യോഗിക പ്രോട്ടോക്കോൾ അനുസരിച്ച് നൽകേണ്ട മുൻകൂർ മുന്നറിയിപ്പുകൾ പാലിക്കാതെയായിരുന്നു ഹെലികോപ്റ്ററിന്റെ വരവ്. 2024-ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം നിലയ്ക്കൽ, പമ്പ, സന്നിധാനം തുടങ്ങിയ മേഖലകൾ കർശന നിയന്ത്രണമുള്ള പ്രദേശങ്ങളാണ്. പ്രത്യേക അനുമതിയില്ലാതെ ഇവിടങ്ങളിൽ ഹെലികോപ്റ്റർ ഉപയോഗിക്കാൻ പാടില്ലെന്നിരിക്കെയാണ് സംഭവം. വിഷയം മാധ്യമങ്ങളിൽ വാർത്തയായതോടെ ദുരന്തനിവാരണ ദൗത്യത്തിന്റെ ഭാഗമായാണ് എത്തിയതെന്ന് വ്യോമസേന വിശദീകരിച്ചു.
ഹെലികോപ്റ്ററിന്റെ വരവിനെക്കുറിച്ച് കേരള പോലീസിന് യാതൊരുവിധ മുൻകൂർ വിവരവും ലഭിച്ചിരുന്നില്ലാത്തതിനാൽ പോലീസിനും വ്യക്തതയുണ്ടായിരുന്നില്ല. ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി വന്നതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. ജടായുപ്പാറ, നിലയ്ക്കൽ എന്നീ പ്രദേശങ്ങളിലാണ് നിരീക്ഷണം നടത്തിയതെന്ന് പോലീസ് പിന്നീട് വ്യക്തമാക്കി.
നേരത്തെ, കഴിഞ്ഞ ഏപ്രിൽ മാസത്തിലും കോസ്റ്റ് ഗാർഡിന്റെ 'സി.ജി 821' (CG 821) ഹെലികോപ്റ്റർ സന്നിധാനത്തിന് മുകളിൽ അതിസാമീപ്യത്തിൽ താഴ്ന്നുപറന്നിരുന്നു. അന്ന് ക്ഷേത്ര കൊടിമരത്തിന് വെറും അഞ്ച് മീറ്റർ ഉയരത്തിൽ വരെ എത്തിയ ഹെലികോപ്റ്ററിൽ നാലുപേരാണുണ്ടായിരുന്നത്. ഇതിലൊരാൾ ക്ഷേത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. ഏകദേശം 30 സെക്കൻഡ് സന്നിധാനത്തിന് സമീപം തുടർന്ന ശേഷമാണ് അത് മടങ്ങിയത്. ഇതാദ്യമായായിരുന്നു സന്നിധാനത്തിന് ഇത്രയും അടുത്തുകൂടി ഹെലികോപ്റ്റർ പറന്നത്. വിവിധ മേഖലകളിൽ നടത്തുന്ന പതിവ് നിരീക്ഷണപ്പറക്കലിന്റെ ഭാഗമായാണ് ഹെലികോപ്റ്റർ എത്തിയതെന്നായിരുന്നു അന്ന് പ്രതിരോധ വകുപ്പിന്റെ കൊച്ചിയിലെ പി.ആർ.ഒ നൽകിയ വിശദീകരണം.





