തിരുവനന്തപുരം: ശബരിമല തീർത്ഥാടന വേളയിൽ വസ്ത്രങ്ങൾ അഴിച്ച് പമ്പാനദിയിൽ ഉപേക്ഷിക്കുന്നത് ആചാരപരമായ കാര്യമല്ലെന്നും മറിച്ച് അതൊരു ദുരാചാരമാണെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. വാഹനങ്ങൾക്ക് മുന്നിൽ കർപ്പൂരം കത്തിക്കുന്ന ശീലവും പ്ലാസ്റ്റിക് പാക്കറ്റുകളിലുള്ള ഷാംപൂ കൊണ്ടുവരുന്നതും ഭക്തർ പൂർണ്ണമായും ഒഴിവാക്കേണ്ടതുണ്ട്. ശബരിമലയെ ഒരു പുണ്യമലയായി കാത്തുസൂക്ഷിക്കാൻ ഓരോ ഭക്തനും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
തീർത്ഥാടകർ ഉന്നയിക്കുന്ന പരാതികൾ പരിഹരിക്കാൻ മണ്ഡലകാലം അവസാനിക്കുന്നത് വരെ കാത്തുനിൽക്കാതെ, തത്സമയം തന്നെ പരിഹാരം കാണാൻ സാധിക്കുന്ന രീതിയിലേക്ക് ദേവസ്വം ബോർഡ് മാറേണ്ടതുണ്ട്. ഇതിനായി ഇരുവശത്തുനിന്നുമുള്ള ആശയവിനിമയം സാധ്യമാക്കുന്ന 'ടു-വേ കമ്മ്യൂണിക്കേഷൻ' സംവിധാനം ഒരുക്കണം. സന്നിധാനത്ത് എന്ത് നടക്കുന്നു എന്നതിനെക്കുറിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ഭക്തർക്ക് കൃത്യമായ വിവരങ്ങൾ ലഭ്യമാക്കണം.
ഇതിന്റെ ഭാഗമായി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് എന്നീ അഞ്ച് ഭാഷകളിലായി 'ശബരിമല സന്ദേശ്' മാസിക പ്രസിദ്ധീകരിക്കും. മണ്ഡലകാല തീർത്ഥാടനം ആരംഭിക്കുന്നതിന് മുന്നോടിയായി നവംബർ 15-ന് മുൻപായി ഇത് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരിൽ ഭൂരിഭാഗവും കേരളത്തിന് പുറത്തുനിന്നുള്ളവരാണ്. ഓരോ ക്ഷേത്രങ്ങളിലും വ്യത്യസ്തമായ ആചാരങ്ങളാണുള്ളത്; ശബരിമലയിൽ യുവതീപ്രവേശനത്തിനുള്ള വിലക്കടക്കമുള്ള ആചാരപരമായ കാര്യങ്ങളെക്കുറിച്ച് ഭക്തർക്ക് കൃത്യമായ ധാരണ നൽകാനാണ് സന്ദേശ് മാസിക ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.





