ചെന്നൈ: ചെന്നൈയിലെ മഹാബലിപുരത്ത് നടക്കുന്ന ദക്ഷിണ മേഖലാ കൗൺസിലിന്റെ 31-ാമത് യോഗത്തിന് മുന്നോടിയായി കേരള മുഖ്യമന്ത്രി വി.ഡി. സതീശനും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും തമ്മിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തി. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള പരസ്പര സഹകരണവും പ്രാദേശിക വികസന വിഷയങ്ങളും ചർച്ച ചെയ്ത യോഗത്തിൽ, മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ പുതിയ ഡാം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടു.
പുതിയ അണക്കെട്ടിന്റെ പൂർണ്ണ നിർമ്മാണച്ചെലവ് കേരളം വഹിക്കാമെന്നും നിർമ്മാണത്തിനുള്ള സ്ഥലം തമിഴ്നാടിന് തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഡാമിൽ നിന്നുള്ള വെള്ളം പൂർണ്ണമായും തമിഴ്നാടിന് തന്നെ ലഭ്യമാക്കും. മണ്ഡല പുനർനിർണ്ണയത്തിൽ ലോക്‌സഭാ സീറ്റുകളുടെ എണ്ണം 543 ആയി നിലനിർത്തണമെന്നും വനിതാ സംവരണം വർദ്ധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ഇതിനുപുറമെ, അന്തർസംസ്ഥാന സർവീസുകൾ നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകളുടെ ടോൾ ഒഴിവാക്കുക, തലശ്ശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻകോട് റെയിൽപാതകൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. വന്യമൃഗങ്ങൾ കൂടുതലായി സഞ്ചരിക്കുന്നത് പുലർച്ചെയും സന്ധ്യാസമയത്തുമാണെന്നിരിക്കെ, ശാസ്ത്രീയ പരിശോധനകളുടെ അടിസ്ഥാനത്തിൽ ബന്ദിപ്പൂരിലെ രാത്രിയാത്രാ നിരോധനം പുനഃപരിശോധിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, ഡാമിലെ ജലനിരപ്പ് 152 അടിയായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടു. നദീജല കരാർ, സുപ്രീം കോടതി വിധി, ട്രിബ്യൂണൽ തീരുമാനം എന്നിവ കൃത്യമായി നടപ്പാക്കണമെന്നും നീറ്റ് പരീക്ഷ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ മണ്ഡല പുനർനിർണ്ണയ വിഷയത്തിൽ തമിഴ്നാട് മുൻപ് സ്വീകരിച്ച കടുത്ത നിലപാടിൽ അയവ് വരുത്തി. നിയമസഭയിൽ പാസാക്കിയ പ്രമേയത്തിലെ കർശന നിലപാട് ആവർത്തിക്കാതിരുന്ന അദ്ദേഹം, ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്ററി പ്രാതിനിധ്യം കുറയരുതെന്നും ഒരു സംസ്ഥാനത്തിനും നഷ്ടമുണ്ടാകാതിരിക്കാൻ നിയമപരമായ ഉറപ്പ് വേണമെന്നും ചൂണ്ടിക്കാട്ടി.
കേരള വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും മുഖ്യമന്ത്രിമാർ തമ്മിലുള്ള ഈ കൂടിക്കാഴ്ചയിൽ സന്നിഹിതനായിരുന്നു. തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ രാവിലെ 10 മണിയോടെ മഹാബലിപുരത്ത് ദക്ഷിണ മേഖലാ കൗൺസിൽ യോഗം ആരംഭിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെയും പുതുച്ചേരിയിലെയും മുഖ്യമന്ത്രിമാരും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്.





