തിരുവനന്തപുരം: കേരള സർവകലാശാലയിൽ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ പരിപാടികൾക്കെതിരെ പോലീസ് കേസെടുത്തു. സർവകലാശാലാ രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ്, പ്രസിഡന്റ് എം. ശിവപ്രസാദ് എന്നിവരുൾപ്പെടെ 10 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സർവകലാശാലാ ആസ്ഥാനത്തേക്ക് അതിക്രമിച്ചു കടന്ന സംഘം, ഓഫീസിലെ ജീവനക്കാരെയും പൊതുജനങ്ങളെയും തടഞ്ഞുവെച്ചതായും അസഭ്യവാക്കുകൾ ഉച്ചത്തിൽ വിളിച്ച് സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതായും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഇതിനുപുറമെ, പടക്കം പൊട്ടിച്ചും ബഹളമുണ്ടാക്കിയും പ്രതികൾ പൊതുജനശല്യം സൃഷ്ടിച്ചുവെന്നും എഫ്.ഐ.ആറിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
സർവകലാശാലയിലെ എൽ.എൽ.ബി പരീക്ഷാ നടത്തിപ്പിലെ അപാകതകൾക്കെതിരെ വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ ചിത്രത്തിൽ പൊട്ടുതൊട്ടുകൊണ്ടുള്ള വേറിട്ട പ്രതിഷേധമാണ് എസ്.എഫ്.ഐ സംഘടിപ്പിച്ചത്. ഇതിന്റെ ഭാഗമായി സർവകലാശാലാ ആസ്ഥാനത്ത് വിവിധ പരിപാടികൾ നടന്നു. 'സംഘിക്ക് പൊട്ടുതൊടൽ' എന്ന പേരിൽ അരങ്ങേറിയ ഈ സമരത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. സർവകലാശാലയിലെ മുഴുവൻ വിദ്യാർത്ഥികളും വി.സിയുടെ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്ക് എതിരാണെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് വ്യക്തമാക്കി. റീവാലുവേഷൻ സംവിധാനം നിലനിർത്തണമെന്നും ഫീസ് കുറയ്ക്കണമെന്നും ആവശ്യപ്പെട്ട അദ്ദേഹം, വി.സി മോഹനൻ കുന്നുമ്മൽ ആർ.എസ്.എസിന് വേണ്ടി അടിമപ്പണി ചെയ്യുന്ന സംഘിയായി മാറിയിരിക്കുകയാണെന്നും ആരോപിച്ചു.





