കോട്ടയം: പാലാ നഗരസഭാ ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ 11 മണിക്ക് നടക്കും. എൽ.ഡി.എഫിന്റെ പിന്തുണയോടെ സ്വതന്ത്ര കൗൺസിലറായ മായാ രാഹുലും യു.ഡി.എഫ് പ്രതിനിധിയായി റിയാ ചീരാൻകുഴിയുമാണ് മത്സരരംഗത്തുള്ളത്. വിമത കൗൺസിലർമാരുടെ പിന്തുണ ലഭിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് മായാ രാഹുൽ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. അതേസമയം, പാർട്ടി വിട്ടുപോയ കൗൺസിലർമാർ തിരികെ പിന്തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്.
യു.ഡി.എഫ് ഭരണത്തിലായിരുന്ന നഗരസഭയിൽ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ചെയർപേഴ്സണായിരുന്ന ദിയാ ബിനു പുളിക്കകണ്ടത്തിന് സ്ഥാനം നഷ്ടമായത്. യു.ഡി.എഫിലെ അഞ്ച് കൗൺസിലർമാർ അവിശ്വാസത്തെ അനുകൂലിച്ചതാണ് പ്രമേയം വിജയിക്കാൻ കാരണമായത്. പാർട്ടി വിപ്പ് ലംഘിച്ച് യോഗത്തിനെത്തിയ കോൺഗ്രസ് കൗൺസിലർമാരും മായാ രാഹുലും എൽ.ഡി.എഫ് നീക്കത്തിനൊപ്പം നിൽക്കുകയായിരുന്നു.
നേരത്തെ, പാലാ നഗരസഭയിൽ എൽ.ഡി.എഫിനോ യു.ഡി.എഫിനോ വ്യക്തമായ ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് സ്വതന്ത്ര അംഗങ്ങളായി വിജയിച്ച ബിനു പുളിക്കകണ്ടം, മകൾ ദിയാ ബിനു പുളിക്കകണ്ടം, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കകണ്ടം എന്നിവർ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചത്. തുടർന്ന് ആദ്യ ടേമിൽ ദിയയെ ചെയർപേഴ്സണായി തെരഞ്ഞെടുത്തുവെങ്കിലും ആറ് മാസം മാത്രമാണ് ഈ ഭരണസമിതിക്ക് ആയുസ്സുണ്ടായിരുന്നത്.





