തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി-ഇറക്കുമതി (എക്‌സിം) വാണിജ്യ പ്രവർത്തനങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ആദ്യ എക്‌സിം കണ്ടെയ്‌നറിന്റെ ഫ്‌ളാഗ് ഓഫ് കർമ്മം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിച്ചു. മുഖ്യാതിഥിയായി നിശ്ചയിച്ചിരുന്ന കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാളും തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷും ചടങ്ങിൽ പങ്കെടുക്കാതെ വിട്ടുനിന്നു. ചടങ്ങിൽ വന്ദേമാതരം ആലപിക്കാത്തതിലുള്ള അതൃപ്തി കാരണമാണ് കേന്ദ്രമന്ത്രി വിട്ടുനിന്നതെന്നാണ് വിവരം. എന്നാൽ കേന്ദ്രമന്ത്രി എത്താതിരുന്നതിനാലും ഓണാഘോഷ പരിപാടികളുടെ തിരക്കുകൾ മൂലവുമാണ് താൻ പങ്കെടുക്കാതിരുന്നതെന്ന് മേയർ വി.വി. രാജേഷ് വ്യക്തമാക്കി.
ലോക വിപണിയിലേക്കുള്ള കേരളത്തിന്റെ വലിയൊരു വികസന വാതിലാണ് വിഴിഞ്ഞത്തിലൂടെ തുറന്നിരിക്കുന്നതെന്ന് ഫ്‌ളാഗ് ഓഫ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു. ഈ സാധ്യതകളെ എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താം എന്നതാണ് നമ്മുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. റോഡ്-റെയിൽ കണക്ടിവിറ്റി പത്ത് വർഷം കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചിരുന്നെങ്കിൽ നൂറിരട്ടി വരുമാനം സംസ്ഥാനത്തിന് ലഭിക്കുമായിരുന്നുവെന്നും ഭൂമി ഏറ്റെടുക്കൽ നടപടികൾ വളരെ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
കേരളത്തിൽ ഉത്പാദിപ്പിക്കുന്ന വസ്തുക്കൾ ആഗോളതലത്തിൽ കയറ്റുമതി ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തെ ഒരു തുറമുഖ കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായി 'മിഷൻ സമുദ്ര' പദ്ധതിക്ക് തുടക്കം കുറിക്കുകയാണ്. സംസ്ഥാനത്തെ 18 ഹാർബറുകളെയും സംയോജിപ്പിച്ചായിരിക്കും ഈ പദ്ധതി നടപ്പിലാക്കുക. നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ സർക്കാർ ആരംഭിച്ചു കഴിഞ്ഞതായും പദ്ധതികൾ കൃത്യസമയത്ത് പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് ഒരു കൺസൾട്ടൻസി ആരംഭിക്കണമെന്നും വലിയൊരു സ്വപ്നത്തിനാണ് ഇവിടെ തുടക്കം കുറിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.





