കൊച്ചി: കോതമംഗലം എം.എ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മിർച്ചി മാർപ്പു ജീവനൊടുക്കിയ സംഭവത്തിൽ മാനേജ്‌മെന്റിനെതിരെ പ്രതിഷേധം കടുപ്പിച്ച് വിദ്യാർത്ഥികൾ. കോളേജ് പ്രവേശന കവാടത്തിന് മുന്നിൽ തടിച്ചുകൂടിയ വിദ്യാർത്ഥികൾ മാനേജ്‌മെന്റ് സെക്രട്ടറി വാന്നി വർഗീസിന്റെ വാഹനം തടഞ്ഞു. തങ്ങൾ മുന്നോട്ടുവെച്ച എല്ലാ ആവശ്യങ്ങളും പൂർണ്ണമായി അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ വിദ്യാർത്ഥികളെ നിലവിൽ ഗേറ്റിന് പുറത്തുനിർത്തിയിരിക്കുകയാണ്.
വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചതായി കാണിച്ച് കഴിഞ്ഞ ദിവസം ഒരു സർക്കുലർ ഇറങ്ങിയിരുന്നുവെങ്കിലും അതിൽ പ്രിൻസിപ്പലിന്റെയോ മാനേജ്‌മെന്റിന്റെയോ ഔദ്യോഗിക സീലുകൾ ഉണ്ടായിരുന്നില്ലെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു. ഉത്തരവാദപ്പെട്ടവരുടെ മുദ്രയോടുകൂടിയ ഔദ്യോഗിക സർക്കുലർ ഇറക്കണമെന്നും, മരണത്തിന് കാരണക്കാരായവരെ സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തണമെന്നും, കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് വിദ്യാർത്ഥികളുടെ പ്രധാന ആവശ്യങ്ങൾ.
വിദ്യാർത്ഥിയുടെ മരണത്തിൽ അധികൃതർ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് സമരക്കാർ കുറ്റപ്പെടുത്തി. വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്താമെന്നാണ് മാനേജ്‌മെന്റ് അറിയിക്കുന്നതെങ്കിലും, ഏതാനും പ്രതിനിധികളുമായി മാത്രമുള്ള ചർച്ചയ്ക്കില്ലെന്നും മുഴുവൻ വിദ്യാർത്ഥികളെയും ഒരുമിച്ച് അഭിസംബോധന ചെയ്ത് കാര്യങ്ങൾ വ്യക്തമാക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. പണമുള്ളവർ മാത്രം പഠിച്ചാൽ മതിയെന്ന രീതിയിൽ വിദ്യാർത്ഥികളെ പരിഹസിക്കുന്ന സമീപനമാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നതെന്നും, മാധ്യമങ്ങൾക്ക് മുന്നിൽ മാനേജ്‌മെന്റ് പരസ്യമായി മാപ്പ് പറയണമെന്നും സ്വന്തം ക്യാമ്പസിൽ പ്രതിഷേധിക്കാൻ തങ്ങൾക്ക് അവകാശമില്ലേയെന്നും വിദ്യാർത്ഥികൾ ചോദിക്കുന്നു.
ഇയർ ബാക്ക് ഉണ്ടാകുമെന്ന ഭയമാണ് അരുണാചൽ പ്രദേശ് സ്വദേശിയായ രണ്ടാം വർഷ ബി.ടെക് വിദ്യാർത്ഥി മിർച്ചി മാർപ്പുവിനെ കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് സഹപാഠികൾ വ്യക്തമാക്കുന്നത്. ഔദ്യോഗികമായി അറിയിപ്പൊന്നും നൽകാതെ കഴിഞ്ഞ ഒന്നര മാസത്തോളമായി ക്ലാസിൽ കയറ്റാതിരുന്നതും ഹാജർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്തതും കുട്ടിയെ കടുത്ത മാനസിക വിഷമത്തിലാക്കിയിരുന്നു. ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ സ്ഥാപനം ഓട്ടോണമസ് ആണെന്ന മറുപടിയാണ് പ്രിൻസിപ്പൽ നൽകിയതെന്നും, ഭാഷാപരമായ പരിമിതികൾ നേരിട്ടിരുന്ന വിദ്യാർത്ഥിയുടെ മരണത്തെ ഒറ്റപ്പെട്ട സംഭവമാക്കി ലഘൂകരിക്കാനാണ് കോളേജ് ശ്രമിക്കുന്നതെന്നും സഹപാഠികൾ ആരോപിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു മിർച്ചി മാർപ്പുവിനെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.





