തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവി സംബന്ധിച്ച് മുന്നണി യോഗത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ വ്യക്തമാക്കി. വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും മാധ്യമങ്ങളാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്നും പറഞ്ഞ അദ്ദേഹം, സി.പി.ഐയുടെ നിലപാട് അവരോട് തന്നെയാണ് ചോദിക്കേണ്ടതെന്നും കൂട്ടിച്ചേർത്തു.
മുന്നണിയിൽ ദീർഘകാലമായി തുടരുന്ന എൻ.സി.പിയുടെ ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു. നാഷണൽ ലീഗ് നൽകിയ പരാതിയും ആവശ്യങ്ങളും മുന്നണിയുടെ ശ്രദ്ധയിലുണ്ടെന്നും ഉടൻ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗം ചേരാൻ വൈകിയെന്ന വിമർശനത്തിന്, എൽ.ഡി.എഫ് എപ്പോൾ യോഗം ചേരണമെന്ന് മുന്നണിയാണ് തീരുമാനിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കടലിൽ പോയവരെ കണ്ടെത്താനാകാത്തതും റേഷൻ പ്രതിസന്ധിയും എൽ.ഡി.എഫ് യോഗം ചേരാത്തതുകൊണ്ടാണോ എന്നും അദ്ദേഹം ചോദിച്ചു.
യു.ഡി.എഫ് ബി.ജെ.പിയുമായുള്ള ബന്ധം തുടരുകയാണെന്ന് ആരോപിച്ച രാമകൃഷ്ണൻ, ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ട് തുടങ്ങിയ തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചതിനെതിരെ കഴിഞ്ഞ സർക്കാർ പോരാടിയപ്പോൾ കോൺഗ്രസ് പദ്ധതിയെ എതിർക്കാതെ ആർ.എസ്.എസ് അജണ്ട നടപ്പിലാക്കുകയാണെന്ന് വിമർശിച്ചു. എ.ഐ.സി.സി ആസ്ഥാനത്ത് വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിലൂടെ കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനമാണ് വ്യക്തമാകുന്നത്. കേരളത്തിൽ വന്ദേമാതരം ഒഴിവാക്കിയത് പ്രതിപക്ഷത്തിന്റെയും ഭരണകക്ഷിയിലെ ചിലരുടെയും എതിർപ്പ് കാരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പി.എം.ശ്രീ വിഷയത്തിൽ നേരത്തെയുള്ള നിലപാട് തന്നെയാണ് ഇപ്പോഴുമുള്ളത്.
കാസർകോട്ടെ തൂഫാൻ കേസിൽ മുഖ്യമന്ത്രിയുമായുള്ള ബന്ധം മറയാക്കി ചിലർ ലഹരി ഇടപാടുകൾ നടത്തുകയാണെന്നും ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടി.വിയുടെ വാർത്തകൾ നീക്കം ചെയ്തത് സാങ്കേതിക തകരാറല്ലെന്നും നിയമപരമായ റിക്വസ്റ്റ് വഴിയാണെന്നുമുള്ള മെറ്റയുടെ വിശദീകരണത്തിൽ, മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാവിരുദ്ധമാണോ എന്ന് പ്രതിപക്ഷം പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സർക്കാർ ജീവനക്കാരെ സ്ഥലംമാറ്റി ദ്രോഹിക്കുകയാണെന്നും ഇതിനിടെ ഒരു ഉദ്യോഗസ്ഥ കുഴഞ്ഞുവീണ് മരിച്ച സംഭവം ചൂണ്ടിക്കാട്ടി ഇത്തരം നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടലിൽ കാണാതായവരെ കണ്ടെത്താൻ കേന്ദ്ര സേനയുടെ സഹായം തേടാതെ തിരച്ചിൽ വൈകിപ്പിച്ചുവെന്നും മൂന്ന് പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





