കൊച്ചി: കോതമംഗലം എസ്.എച്ച്.ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയെ പൊലീസ് തെളിവെടുപ്പിനെത്തിച്ചു. കോടതി കസ്റ്റഡിയിൽ വിട്ടുനൽകിയതിന് തൊട്ടുപിന്നാലെ, ഒളിവിൽ താമസിച്ചിരുന്ന കടവന്ത്രയിലെ ആർ.കെ അപ്പാർട്ട്‌മെന്റിൽ എത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയത്.
സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു കോതമംഗലം എസ്.എച്ച്.ഒയ്ക്കെതിരെ ഇയാൾ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്തത്. ബാക്കികാലം പെൻഷൻ പറ്റി ജീവിക്കാമെന്ന് കരുതേണ്ട എന്നതടക്കമുള്ള പരാമർശങ്ങളായിരുന്നു പോസ്റ്റിൽ ഉണ്ടായിരുന്നത്. തുടർന്ന് കേസിൽ മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചെങ്കിലും രണ്ടിടത്തുനിന്നും തിരിച്ചടി നേരിട്ടതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽ കഴിയാൻ ഒപ്പം നിന്ന രണ്ട് സുഹൃത്തുക്കളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
നേരത്തെ കണ്ണൂർ സൈബർ പൊലീസ് പിടിച്ചെടുത്ത ഫോൺ തന്നെയാണ് എസ്.എച്ച്.ഒയ്ക്കെതിരായ ഭീഷണി പോസ്റ്റുകൾ പങ്കുവെക്കാൻ ഉപയോഗിച്ചതെന്ന് അന്വേഷണസംഘത്തിന് ഉറപ്പുവരുത്തേണ്ടതുണ്ട്. കോതമംഗലം മജിസ്‌ട്രേറ്റ് കോടതി രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ട പ്രതിയുടെ കസ്റ്റഡി കാലാവധി നാളെ വൈകുന്നേരത്തോടെ അവസാനിക്കും. അതേസമയം, ഊന്നുകൽ സി.ഐയെ ഭീഷണിപ്പെടുത്തിയതിനും മുഖ്യമന്ത്രിയെ അധിക്ഷേപിച്ചതിനും ഇയാൾക്കെതിരെ മറ്റ് രണ്ട് കേസുകൾ കൂടിയുണ്ട്. അതിനാൽ, എസ്.എച്ച്.ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ ജാമ്യം ലഭിച്ചാലും മുൻ കേസുകൾ നിലനിൽക്കുന്നതിനാൽ പ്രതിക്ക് ജയിലിൽ തന്നെ കഴിയേണ്ടി വരും.





