തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ഭരണത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളുമായി മുൻമന്ത്രിയും സി.പി.ഐ.എം നേതാവുമായ പി.എ. മുഹമ്മദ് റിയാസ് രംഗത്ത്. കഴിഞ്ഞ പത്ത് വർഷം തലയുയർത്തിപ്പിടിച്ചുള്ള നിലപാടുകളാണ് എൽ.ഡി.എഫ് സ്വീകരിച്ചിരുന്നതെന്നും, ഭരണമാറ്റം ആഗ്രഹിച്ച ജനങ്ങൾക്ക് തെറ്റുപറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മൂന്ന് മാസം കൊണ്ട് കേരളത്തിൽ ഉണ്ടായത് മാറ്റമല്ല, മറിച്ച് വലിയ നാറ്റമാണെന്ന് അദ്ദേഹം പരിഹസിച്ചു. റോഡിലെ കുഴികൾക്ക് കാരണം മഴയാണെന്ന് പൊതുമരാമത്ത് മന്ത്രി പറയുമ്പോൾ, പകർച്ചവ്യാധികൾക്ക് കാരണം മഴയാണെന്ന് ആരോഗ്യമന്ത്രി കുറ്റപ്പെടുത്തുന്നു; എന്നാൽ മഴ പെയ്യാത്തതുകൊണ്ടാണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുന്നതെന്നാണ് വൈദ്യുതി മന്ത്രിയുടെ വിചിത്ര ന്യായീകരണമെന്ന് റിയാസ് ചൂണ്ടിക്കാട്ടി.
വൈദ്യുതി മേഖലയിലെ സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് നിലവിലെ വൈദ്യുതി നിയന്ത്രണങ്ങൾക്ക് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുൻപ് സമാനമായ പ്രതിസന്ധികൾ ഉണ്ടായ ഘട്ടങ്ങളിലെല്ലാം കഴിഞ്ഞ സർക്കാർ കൃത്യമായ പരിഹാരം കണ്ടിരുന്നു. കേരളത്തിന് ലഭിക്കുന്നതിലും കുറഞ്ഞ നിരക്കിൽ കർണാടകയ്ക്ക് വൈദ്യുതി ലഭ്യമായിട്ടും എന്തുകൊണ്ട് കേരളത്തിന് അത് സാധ്യമാകുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. വൈദ്യുതി തടസ്സപ്പെട്ടതിനെ തുടർന്ന് രണ്ട് ജീവനുകളാണ് പൊലിഞ്ഞതെന്നും, ഇവർ വി.ഡി. സതീശൻ സർക്കാരിന്റെ ഭരണപരാജയത്തിന്റെ രക്തസാക്ഷികളാണെന്നും റിയാസ് കൂട്ടിച്ചേർത്തു.
മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ശസ്ത്രക്രിയ നടത്തേണ്ടി വരുന്ന ഗതികേട് ഇതിനുമുമ്പ് കേരളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിച്ച റിയാസ്, കറന്റ് വന്ന ശേഷം ശസ്ത്രക്രിയ തുടരാമെന്നായിരുന്നു വകുപ്പ് മന്ത്രിയുടെ പ്രതികരണമെന്നും കുറ്റപ്പെടുത്തി. 'എരണം കെട്ടവർ നാടുഭരിച്ചാൽ നാട് മുടിയും' എന്ന് മുൻപ് പറഞ്ഞ ആരോഗ്യമന്ത്രി കെ. മുരളീധരൻ വലിയ ദീർഘവീക്ഷണമുള്ള ആളാണെന്ന് അദ്ദേഹം പരിഹസിച്ചു. പുതിയ ബജറ്റിൽ സർക്കാർ ആശുപത്രികൾക്കുള്ള ഫണ്ട് യു.ഡി.എഫ് വെട്ടിച്ചുരുക്കിയെന്നും, തെരഞ്ഞെടുപ്പ് വേളയിൽ സ്വകാര്യ ആശുപത്രി കോർപ്പറേറ്റുകളാണ് ഇവർക്ക് ഏറ്റവും കൂടുതൽ പണം നൽകിയതെന്നും മുഹമ്മദ് റിയാസ് ആരോപിച്ചു.





