കൊച്ചി: ബോഡി ബിൽഡർമാരെ പൊലീസ് സേനയിലേക്ക് നിയമിച്ച നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കവെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. യോഗ്യതയില്ലാത്തവരെ ആദരിച്ച് പണം നൽകേണ്ട എന്ത് ആവശ്യമാണ് സർക്കാരിനുള്ളതെന്ന് കോടതി ആരാഞ്ഞു. ആവശ്യമായ കായികക്ഷമതയില്ലെന്ന് തെളിഞ്ഞിട്ടും ഇവർക്ക് മാത്രം മറ്റാർക്കുമില്ലാത്ത എന്ത് പ്രത്യേക പരിഗണനയാണുള്ളതെന്നും കോടതി ചോദിച്ചു. എന്നാൽ, അഴിമതി നിരോധന നിയമപ്രകാരമുള്ള കേസ് നിലനിൽക്കില്ലെന്നാണ് സർക്കാർ കോടതിയിൽ വ്യക്തമാക്കിയത്.
അർഹതയില്ലാത്ത ഒരാളെ ഇത്തരത്തിൽ നിയമിക്കുന്നത് അഴിമതിയുടെ പരിധിയിൽ വരില്ലേ എന്നാണ് ഇവിടെ ചോദ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. കായികക്ഷമതാ പരീക്ഷയിൽ ഇവർ പരാജയപ്പെട്ട വിവരം മന്ത്രിസഭയുടെ ശ്രദ്ധയിൽപ്പെടുത്തിയില്ല എന്നത് അതീവ ഗൗരവമുള്ള കാര്യമാണെന്നും നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്നും ഹൈക്കോടതി ഓർമ്മിപ്പിച്ചു. അതേസമയം, ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന നിലപാടിലാണ് സർക്കാർ. മാനദണ്ഡങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ 41 വയസ്സുള്ളയാളെയാണ് പൊലീസിലേക്ക് നിയമിക്കുന്നതെന്ന് ഹർജിക്കാരൻ കോടതിയിൽ വാദിച്ചു.
കായികക്ഷമതാ പരിശോധന നടത്തിയ വേളയിൽ കുഴഞ്ഞുവീണതോടെ ഇവർക്ക് ശാരീരികക്ഷമതയില്ലെന്ന് തെളിഞ്ഞതല്ലേ എന്ന് കോടതിയും ചോദിച്ചു. കായികരംഗത്ത് വലിയ നേട്ടങ്ങൾ സ്വന്തമാക്കിയ പ്രതിഭകൾക്ക് പോലും സി.പി.ഒ (CPO), ക്ലാർക്ക് തസ്തികകളിലാണ് ജോലി നൽകിയിട്ടുള്ളത് എന്നിരിക്കെ, ഇവർക്ക് നേരിട്ട് സർക്കിൾ ഇൻസ്പെക്ടർ പദവി നൽകിയത് വ്യക്തമായ ചട്ടലംഘനമാണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.





