തൃശ്ശൂർ: സ്വാതന്ത്ര്യദിന ചടങ്ങുകളിൽ പങ്കെടുക്കാതിരുന്ന വിദ്യാർത്ഥികളോട് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള വിവാദ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് തൃശൂർ മാളയിലെ ഇന്റർനാഷണൽ ആൻഡ് സൈനിക സ്കൂൾ ഉടമ ഡോ. രാജു ഡേവിസ്. താൻ നടത്തിയ വിവാദ പരാമർശം പൂർണ്ണമായും പിൻവലിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. രക്ഷിതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു സ്‌കൂൾ ഉടമ നേരത്തെ വിവാദ സന്ദേശം പങ്കുവെച്ചത്. ആഘോഷ പരിപാടിയിൽ പങ്കെടുക്കാതിരുന്ന കുട്ടികളെ ക്ലാസിൽ കയറ്റില്ലെന്നും, അവധി ദിനത്തിൽ സ്‌കൂളിലെത്താതിരുന്നതിന് രക്ഷിതാക്കൾ വിശദീകരണം നൽകണമെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു.
സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികളെ ക്യാമ്പസിലെത്തിക്കാൻ വിവിധ റൂട്ടുകളിലേക്ക് സ്‌കൂൾ ബസുകൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ പകുതിയോളം രക്ഷിതാക്കളും കുട്ടികളെ സ്‌കൂളിലേക്ക് അയച്ചില്ല. ഇതിൽ ക്ഷുഭിതനായാണ് സ്‌കൂൾ ഉടമ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദസന്ദേശം അയച്ചത്. എല്ലാ കാര്യങ്ങളിലും സ്വാതന്ത്ര്യം ആവശ്യപ്പെടുകയും എന്നാൽ സ്വാതന്ത്ര്യദിനത്തിൽ കുട്ടികളെ വീട്ടിലിരുത്തുകയും ചെയ്യുന്ന ഇത്തരം സമീപനങ്ങളാണ് അവരെ ധിക്കാരികളാക്കി മാറ്റുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുട്ടികൾ വരില്ലെന്ന് മുൻകൂട്ടി അറിഞ്ഞിരുന്നെങ്കിൽ ഒരു ലക്ഷം രൂപ തന്റെ പോക്കറ്റിൽ തന്നെ ഇരിക്കുമായിരുന്നുവെന്നും സാമ്പത്തിക നഷ്ടത്തിലും പങ്കാളിത്തം കുറഞ്ഞതിലുമുള്ള അമർഷം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം സന്ദേശത്തിൽ പറഞ്ഞിരുന്നു.
സന്ദേശം പുറത്തുവന്നതോടെ രക്ഷിതാക്കൾ വലിയ പ്രതിഷേധവുമായി രംഗത്തെത്തുകയും, വിഷയത്തിൽ സ്‌കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് എസ്.എഫ്.ഐ പ്രഖ്യാപിക്കുകയും ചെയ്തു. സംഭവം ചർച്ചയായ ആദ്യഘട്ടത്തിൽ തന്റെ വാക്കുകളിൽ ഉറച്ചുനിൽക്കുകയാണെന്നാണ് രാജു ഡേവിസ് പ്രതികരിച്ചിരുന്നത്. 1947 മുതൽ പാകിസ്താൻ ഇന്ത്യയുടെ ശത്രുരാജ്യമാണെന്നും, രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കുചേരാത്തവർ ശത്രുരാജ്യത്തേക്ക് പോകുന്നതാണ് നല്ലതെന്നുമാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം ന്യായീകരിച്ചിരുന്നു. തന്റെ പരാമർശം ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും അദ്ദേഹം മുൻപ് വിശദീകരിച്ചിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെയാണ് ഇപ്പോൾ പരാമർശം പിൻവലിച്ച് ഖേദപ്രകടനം നടത്തിയിരിക്കുന്നത്.





