കോഴിക്കോട്: തങ്ങളുടെ 'കുട്ടി സഖാവ്' എന്ന ഇൻസ്റ്റഗ്രാം പേജ് പൂട്ടിയ നടപടിയിൽ പുതിയ വീഡിയോയുമായി മെറ്റയ്ക്ക് മറുപടി നൽകി വൈറൽ താരം മുഹമ്മദ് സിയാനും കൂട്ടുകാരും. പേജ് പൂട്ടിച്ചുവെന്ന് അറിയിച്ചുകൊണ്ട് മുഹമ്മദ് സിയാൻ തന്നെയാണ് വീഡിയോയുടെ ഇൻട്രോ അവതരിപ്പിക്കുന്നത്. തുടർന്ന് മറ്റ് കുട്ടികളും വിഷയത്തിൽ തങ്ങളുടെ പ്രതികരണങ്ങൾ പങ്കുവെക്കുന്നുണ്ട്. നേരത്തെ വീഡിയോ ചിത്രീകരിച്ച അതേ പശ്ചാത്തലത്തിൽ തന്നെയാണ് പുതിയ പ്രതികരണ വീഡിയോയും ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞദിവസം പങ്കുവെച്ച വീഡിയോ ഇതിനകം ഇരുപത് ലക്ഷത്തോളം ആളുകൾ കണ്ടുകഴിഞ്ഞുവെന്ന് ഒരു കുട്ടി വ്യക്തമാക്കുന്നു. തങ്ങളുടെ പിണറായി സഖാവ് വരെ ആ വീഡിയോയിൽ കമന്റുമായെത്തിയിരുന്നുവെന്നാണ് മറ്റൊരു കുട്ടിയുടെ വാക്കുകൾ. പേജ് എങ്ങനെ തിരിച്ചെടുക്കണമെന്ന് തങ്ങൾക്ക് അറിയില്ലെന്ന് സംഘത്തിലെ പെൺകുട്ടി പറയുമ്പോൾ, അക്കൗണ്ട് പൂട്ടിച്ചതിൽ സങ്കടമുണ്ടോയെന്ന് മറ്റൊരാൾ സിയാനോട് ചോദിക്കുന്നു. ഇതിനാണ് മുഹമ്മദ് സിയാൻ മാസ്സ് മറുപടി നൽകുന്നത്. 'എന്തിനാണ് പേടിക്കുന്നത്, ഇൻസ്റ്റഗ്രാമിലെ വീഡിയോ മാറ്റാൻ മാത്രമല്ലേ അവർക്ക് സാധിക്കൂ, നെഞ്ചിലുള്ള ചെങ്കൊടി മാറ്റാൻ ആർക്കും കഴിയില്ലല്ലോ' എന്നാണ് സിയാൻ ചോദിക്കുന്നത്.
'കുട്ടി സഖാവ്' എന്ന അക്കൗണ്ടിലൂടെ മുഹമ്മദ് സിയാൻ പോസ്റ്റ് ചെയ്ത വീഡിയോ വളരെ വേഗത്തിലാണ് വൈറലായത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മുൻ മന്ത്രിയും എം.എൽ.എയുമായ പി.എ. മുഹമ്മദ് റിയാസ് തുടങ്ങി നിരവധി പ്രമുഖർ ഇതിന് താഴെ പ്രതികരണങ്ങളുമായി എത്തിയിരുന്നു. 'ലാൽസലാം' എന്നായിരുന്നു പിണറായി വിജയന്റെ കമന്റ്. പുറത്തിറങ്ങി വെറും 24 മണിക്കൂറിനുള്ളിൽ രണ്ട് മില്യണിലധികം കാഴ്ചക്കാരെയാണ് വീഡിയോ സ്വന്തമാക്കിയത്. ഇതിനുപിന്നാലെയാണ് മെറ്റ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്തത്. മെറ്റയുടെ ഈ നീക്കത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.





