കണ്ണൂർ: എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കാനിരുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂർ സർവ്വകലാശാല. സർവ്വകലാശാലയ്ക്ക് കീഴിലെ പാലയാട് ക്യാമ്പസ് യൂണിയൻ സംഘടിപ്പിക്കുന്ന 'ഷീ ഫെസ്റ്റ്' പരിപാടിക്കാണ് വൈസ് ചാൻസലർ അനുമതി നിഷേധിച്ചത്. ഡൽഹിയിൽ നടന്ന ജന്തർമന്ദർ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ ഐഷി ഘോഷിനെയായിരുന്നു ഈ പരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നത്.
പരിപാടി സംഘടിപ്പിക്കാൻ നിശ്ചയിച്ചിരുന്ന സെമിനാർ ഹാൾ അനുവദിക്കില്ലെന്ന് ക്യാമ്പസ് ഡയറക്ടർ സംഘാടകരെ അറിയിച്ചു. പരിപാടി നടത്തണമെങ്കിൽ വൈസ് ചാൻസലറുടെയോ അല്ലെങ്കിൽ രജിസ്ട്രാറുടെയോ മുൻകൂർ അനുമതി നിർബന്ധമാണെന്നാണ് ക്യാമ്പസ് ഡയറക്ടറുടെ നിലപാട്. അതേസമയം, സർവ്വകലാശാലാ വി.സിയുടെ ഈ നടപടിക്കെതിരെ എസ്.എഫ്.ഐ ശക്തമായ നിലപാടുമായി രംഗത്തെത്തിയിട്ടുണ്ട്. വൈസ് ചാൻസലറുടെ വിലക്ക് മറികടന്നുകൊണ്ട് നിശ്ചയിച്ച പ്രകാരം ഷീ ഫെസ്റ്റുമായി മുന്നോട്ടുപോകാനാണ് എസ്.എഫ്.ഐ നേതൃത്വത്തിലുള്ള പാലയാട് ക്യാമ്പസ് യൂണിയന്റെ തീരുമാനം.





