കണ്ണൂർ: വൈസ് ചാൻസലറുടെ വിലക്ക് തള്ളിക്കളഞ്ഞ് കണ്ണൂർ സർവ്വകലാശാല പാലയാട് ക്യാമ്പസിലെ വിദ്യാർത്ഥി യൂണിയൻ പരിപാടിയിൽ എസ്.എഫ്.ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുത്തു. പരിപാടിയിലെ പ്രസംഗത്തിൽ സർവ്വകലാശാലാ വി.സിക്കെതിരെ കടുത്ത വിമർശനമാണ് ഐഷി ഉയർത്തിയത്. എസ്.എഫ്.ഐ ആർ.എസ്.എസിനെ ശക്തമായി എതിർക്കുന്നത് കൊണ്ടാണ് പരിപാടിക്ക് അധികൃതർ അനുമതി നിഷേധിച്ചതെന്നും, താൻ ഈ വേദിയിൽ പങ്കെടുക്കുന്നതിൽ എന്താണ് പ്രശ്നമെന്ന് വി.സി വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് ആർ.എസ്.എസ് ശാഖയിലോ നാഗ്പൂരിലോ അല്ലെന്നും ഒരു കോളേജ് ക്യാമ്പസിലാണെന്നും വ്യക്തമാക്കിയ ഐഷി ഘോഷ്, വി.സിയെ തുറന്ന സംവാദത്തിന് ക്ഷണിക്കുന്നതായും അറിയിച്ചു. പാലയാട് ക്യാമ്പസിൽ വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിച്ച 'ഷീ ഫെസ്റ്റ്' പരിപാടിയിലാണ് ഐഷി ഘോഷ് മുഖ്യാതിഥിയായി എത്തിയത്. രജിസ്ട്രാറുടെയോ വൈസ് ചാൻസലറുടെയോ മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സർവ്വകലാശാല അധികൃതർ പരിപാടിക്ക് അനുമതി നൽകാതിരുന്നത്. എന്നാൽ മുൻകൂട്ടി അനുമതി ലഭിച്ചിരുന്നുവെന്നും ഐഷി ഘോഷ് മുഖ്യാതിഥിയായി എത്തുന്നതുകൊണ്ട് മാത്രമാണ് വി.സി അനുമതി റദ്ദാക്കിയതെന്നുമാണ് എസ്.എഫ്.ഐയുടെ വാദം. ഇതിന് പിന്നാലെയാണ് സർവ്വകലാശാലയുടെ വിലക്ക് അവഗണിച്ച് എസ്.എഫ്.ഐ പരിപാടിയുമായി മുന്നോട്ടുപോയത്.





