തിരുവനന്തപുരം: വിദ്യാർത്ഥി സംഘം തന്നെ ശാരീരികമായി ഉപദ്രവിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തുവെന്ന പരാതിയിൽ കാലടി സംസ്കൃത സർവ്വകലാശാല വൈസ് ചാൻസലർ സിസാ തോമസിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഗവർണർ. രാജ്ഭവനിൽ സംഘടിപ്പിച്ച 'അറ്റ് ഹോം' വിരുന്നിനിടെ ഗവർണറുടെ പ്രത്യേക നിർദ്ദേശപ്രകാരമാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ അദ്ദേഹം സിസാ തോമസിനോട് നേരിട്ട് ചോദിച്ചറിഞ്ഞു.
തനിക്ക് നേരിടേണ്ടി വന്ന കയ്യേറ്റങ്ങളും ശാരീരിക അധിക്ഷേപങ്ങളും കൂടിക്കാഴ്ചയിൽ വി.സി ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് സംഭവത്തിൽ വിശദമായ രേഖാമൂലമുള്ള റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ച ചാൻസലർ കൂടിയായ ഗവർണർ, റിപ്പോർട്ടിൻമേൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഗവർണറുമായി നടത്തിയ ഈ നിർണ്ണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സിസാ തോമസ് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡി.ജി.പി എന്നിവർക്ക് ഔദ്യോഗികമായി പരാതി നൽകിയത്.





