തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ വിപണനം ലക്ഷ്യമിട്ട് വൻ കോസ്‌മെറ്റിക് മാഫിയ സജീവമാകുന്നതായി പരിശോധനകളിൽ തെളിഞ്ഞു. വിപണിയിൽ സുലഭമായി ലഭിക്കുന്ന ലിപ്സ്റ്റിക്കുകളിലും ഫേസ് ക്രീമുകളിലും അനുവദനീയമായ പരിധിയിലുമേറെ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇതര രാജ്യങ്ങളിൽ വിലക്കേർപ്പെടുത്തിയിട്ടുള്ള കോസ്‌മെറ്റിക് വസ്തുക്കൾ പോലും കേരളത്തിൽ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് അതീവ ഗുരുതരമായ ത്വക്ക് രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ഇവ നിർമ്മിക്കുന്ന യൂണിറ്റുകൾ കേരളം കേന്ദ്രീകരിച്ച് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.
കുട്ടികൾക്കും കൗമാരപ്രായക്കാർക്കും ഇടയിൽ സൗന്ദര്യവർദ്ധക വസ്തുക്കളുടെ ഉപയോഗം വലിയ തോതിൽ വർദ്ധിച്ചതായി ആരോഗ്യവകുപ്പിന്റെ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം കർശന പരിശോധനകൾ നടത്തി. തുടർന്നാണ് കേരളത്തിൽ ശക്തമായി പ്രവർത്തിക്കുന്ന കോസ്‌മെറ്റിക് മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. വിദേശത്തുനിന്ന് നിർമ്മിച്ചവ എന്ന വ്യാജേന പ്രാദേശികമായി ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങളാണ് ഇത്തരത്തിൽ വിപണിയിലെത്തിച്ച് വിതരണം ചെയ്യുന്നത്.





