കാസർകോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ സോഷ്യൽ മീഡിയ കോർഡിനേറ്ററെന്ന് അവകാശപ്പെടുന്നയാൾ പിടിയിലായ കാസർകോട്ടെ എം.ഡി.എം.എ കേസ് അട്ടിമറിക്കാൻ നീക്കമെന്ന് സംശയം. യൂത്ത് കോൺഗ്രസ് നേതാവ് മുഹമ്മദ് ഹുസൈൻ അറസ്റ്റിലായ കേസിൽ, യൂത്ത് കോൺഗ്രസിന്റെ തന്നെ നേതാക്കളെ സാക്ഷികളാക്കിയ നടപടിയിലാണ് വലിയ ദുരൂഹത ഉയരുന്നത്. സാക്ഷിപ്പട്ടികയിൽ ഉൾപ്പെടുത്താനായി പോലീസ് ഇവരെ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
ലഹരിമരുന്ന് പിടിച്ചെടുക്കുന്ന വേളയിൽ സംഭവസ്ഥലത്ത് ഇല്ലാതിരുന്ന നേതാക്കളാണ് സീഷർ മഹസറിൽ ഒപ്പുവെച്ചിരിക്കുന്നത് എന്നതാണ് പ്രധാനമായും സംശയങ്ങൾക്ക് വഴിയൊരുക്കുന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഉൾപ്പെടെ നാലുപേരെയാണ് സാക്ഷികളാക്കിയിട്ടുള്ളത്. കോടതി വിചാരണവേളയിൽ ഇവർ കൂറുമാറിയാൽ കേസ് പ്രതികൾക്ക് അനുകൂലമായി മാറുമെന്നതാണ് ഇതിലെ പ്രധാന പോരായ്മ. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ യുവജന സംഘടനകൾ ഉൾപ്പെടെയുള്ളവർ സംഭവത്തിൽ ദുരൂഹതയാരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്.





