കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആഭിമുഖ്യത്തിൽ 2025-ൽ കോഴിക്കോട് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ കാസർകോട് എം.ഡി.എം.എ കേസിലെ പ്രതിയായ കെ.എച്ച്. മുഹമ്മദ് ഹുസൈൻ അതിഥിയായി പങ്കെടുത്തു. പ്രത്യേകം ക്ഷണിക്കപ്പെട്ട ആളുകൾക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന ഈ ചടങ്ങിൽ മുഹമ്മദ് ഹുസൈൻ സന്നിഹിതനായതിന്റെ ചിത്രങ്ങൾ റിപ്പോർട്ടർ ടിവിക്ക് ലഭിച്ചു. വി.ഡി. സതീശനും മുഹമ്മദ് ഹുസൈനും തമ്മിലുള്ള അടുത്ത വ്യക്തിബന്ധത്തിലേക്കാണ് ഈ ദൃശ്യങ്ങൾ വിരൽചൂണ്ടുന്നത്.
വി.ഡി. സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്താണ് പ്രസ്തുത ചടങ്ങ് അരങ്ങേറിയത്. മുസ്ലിം ലീഗിന്റെ മുൻനിര നേതാക്കളടക്കം പങ്കെടുത്ത വേദിയിൽ വി.ഡി. സതീശനെക്കൂടാതെ മലബാർ മേഖലയ്ക്ക് പുറത്തുനിന്നെത്തിയ ഏക വ്യക്തി ഹുസൈൻ മാത്രമായിരുന്നു. 2025 മാർച്ച് 22-നായിരുന്നു ഈ ഇഫ്താർ സംഗമം നടത്തിയത്.
മുഹമ്മദ് ഹുസൈനെയും അബ്ദുൾ സലാമിനെയും തനിക്ക് വ്യക്തിപരമായി അറിയാമെന്നും, നവകേരള സദസ്സുമായി ബന്ധപ്പെട്ടുണ്ടായ ലാത്തിച്ചാർജിൽ ഗുരുതരമായി പരിക്കേറ്റ് കഴിഞ്ഞപ്പോഴാണ് ഫോണിലൂടെ ബന്ധപ്പെട്ട് ആശ്വസിപ്പിച്ചതെന്നും മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിൽ മുഹമ്മദ് ഹുസൈനാണ് അന്നത്തെ ഇഫ്താർ വിരുന്നിലേക്ക് ക്ഷണം ലഭിച്ചത്.





