Malayali Media
Kerala

കൊല്ലം ചിതറയിൽ വാടകത്തർക്കത്തിനൊടുവിൽ വീട് തകർത്തു: ഉടമകൾക്കെതിരെ കേസെടുത്ത് പോലീസ്

13 Aug 20262 views 3 min read
കൊല്ലം ചിതറയിൽ വാടകത്തർക്കത്തിനൊടുവിൽ വീട് തകർത്തു: ഉടമകൾക്കെതിരെ കേസെടുത്ത് പോലീസ്
Advertisement

കൊല്ലം: ചിതറയിൽ വാടകയുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ വീട് തകർത്ത സംഭവത്തിൽ സ്ഥലമുടമകൾക്കെതിരെ പോലീസ് കേസെടുത്തു. ചിതറ മാങ്കോട് സ്വദേശികളായ ദിൽബർ, അൻവർ എന്നിവരെ പ്രതിയാക്കിയാണ് പോലീസ് നിയമനടപടി ആരംഭിച്ചിരിക്കുന്നത്. കെട്ടിടം ഒഴിഞ്ഞുകൊടുക്കാൻ താമസക്കാർ തയ്യാറാകാത്തതാണ് ഉടമകളെ പ്രകോപിപ്പിച്ചത്. വ്യാജ പരാതി നൽകി ഉടമകൾ പോലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും ചിതറ പോലീസ് വ്യക്തമാക്കി.

ചിതറ സ്വദേശികളായ അബ്ദുൾ വാഹിദ്, ഭാര്യ സുഹറ ബീവി എന്നിവർ വാടകയ്ക്ക് കഴിഞ്ഞിരുന്ന കെട്ടിടമാണ് ഉടമകൾ ഇടിച്ചുനിരത്തിയത്. സ്ഥലമുടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദമ്പതികളെ ചിതറ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവരുത്തി വിവരങ്ങൾ ശേഖരിക്കുന്നതിനിടെയായിരുന്നു ഈ സംഭവം.

സുഹറ ബീവി തങ്ങളെ അസഭ്യം പറഞ്ഞതായി കാണിച്ചാണ് ഉടമകൾ പോലീസിനെ സമീപിച്ചതും, തുടർന്ന് ദമ്പതികൾ സ്റ്റേഷനിൽ എത്തിയതും. എന്നാൽ ഈ സമയം മുതലെടുത്ത് മണ്ണുമാന്തി യന്ത്രം എത്തിച്ച് ഉടമകൾ വാടകവീട് പൂർണ്ണമായി തകർക്കുകയായിരുന്നു. വാടകയെച്ചൊല്ലിയുള്ള കേവലമൊരു തർക്കം ഒടുവിൽ രണ്ടുപേരെ പെരുവഴിയിലാക്കി.

മാസങ്ങളായി ഇരുകൂട്ടരും തമ്മിൽ വാടകത്തർക്കം നിലനിന്നിരുന്നു. വീടൊഴിയണമെന്ന ഉടമകളുടെ ആവശ്യം, തങ്ങൾ കെട്ടിടത്തിനായി ചെലവിട്ട തുക തിരികെ നൽകിയാൽ മാത്രമേ ഒഴിയൂ എന്ന് പറഞ്ഞ് താമസക്കാർ തള്ളിക്കളയുകയായിരുന്നു. തുടർന്ന് വിഷയം കോടതിയിലെത്തുകയും ഉത്തരവ് ഉടമകൾക്ക് അനുകൂലമായെങ്കിലും, താമസക്കാർ കോടതിയിൽ നിന്ന് സ്റ്റേ ഉത്തരവ് സമ്പാദിച്ചു. തർക്കങ്ങൾ തുടരുന്നതിനിടയിലാണ് ദമ്പതികളുടെ കിടപ്പാടം ഇല്ലാതാക്കിയ നടപടി ഉടമകളുടെ ഭാഗത്തുനിന്നുണ്ടായത്. സംഭവത്തിൽ ഉടമകളെ പ്രതിചേർത്ത് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ചിതറ പോലീസ് അന്വേഷണം ആരംഭിച്ചു. കിടപ്പാടം നഷ്ടപ്പെട്ട കുടുംബത്തിന് താൽക്കാലികമായി താമസിക്കാനുള്ള സൗകര്യം ഒരുക്കുമെന്നും പോലീസ് അറിയിച്ചു.

Tags:#kollam#kerala police
Advertisement

Related News

Comments

Add a Comment

Our Channels

കൊല്ലം ചിതറയിൽ വാടകത്തർക്കത്തിനൊടുവിൽ വീട് തകർത്തു: ഉടമകൾക്കെതിരെ കേസെടുത്ത് പോലീസ് | Malayali Media