കൊച്ചി: വി.ഡി. സതീശന്റെ ഭരണത്തിൻ കീഴിൽ കേരളത്തിലെ സാമൂഹിക മാധ്യമങ്ങളിൽ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'യാണോ നിലനിൽക്കുന്നത് എന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം പി. രാജീവ് ചോദിച്ചു. മെറ്റാ പ്ലാറ്റ്‌ഫോമുകളിൽ ഭരണകൂടത്തെയും മുഖ്യമന്ത്രി വി.ഡി. സതീശനെയും വിമർശിക്കുന്ന പ്രതികരണങ്ങളും, സർക്കാരിന് എതിരായ മാധ്യമ വാർത്തകളും രാജ്യത്ത് ലഭ്യമാകാത്ത വിധം വൻതോതിൽ ജിയോ-ബ്ലോക്ക് ചെയ്യിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങൾ, വ്യാജ വാർത്തകൾ, വിദ്വേഷപ്രചാരണത്തിലൂടെ ക്രമസമാധാന തകർച്ച ഉണ്ടാക്കുന്നവ തുടങ്ങിയ ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാൽ നിലവിൽ കേരളത്തിൽ എന്താണ് സംഭവിക്കുന്നത് എന്നും പി. രാജീവ് ചോദ്യമുന്നയിച്ചു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പി. രാജീവിന്റെ ഈ വിമർശനം.
പി രാജീവിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം :
വി. ഡി. സതീശന്റെ ഭരണത്തിന് കീഴിൽ കേരളത്തിൽ നടക്കുന്നത് സോഷ്യൽ മീഡിയയിലെ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'യോ?
കേന്ദ്ര സർക്കാരിന്റെ The Information Technology (Intermediary Guidelines and Digital Media Ethics Code) Rules, 2021 ദുരുപയോഗം ചെയ്ത്, തങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങളെയും ജനശബ്ദങ്ങളെയും അടിച്ചമർത്താനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. മെറ്റ പ്ലാറ്റ്‌ഫോമുകളിൽ സർക്കാരിനെയും മുഖ്യമന്ത്രി വി. ഡി. സതീശനെയും വിമർശിക്കുന്ന പോസ്റ്റുകളും, മാധ്യമങ്ങൾ നൽകുന്ന സർക്കാരിനെതിരായ വാർത്തകളും ഇന്ത്യയിൽ കാണാൻ സാധിക്കാത്ത രീതിയിൽ വൻതോതിൽ ജിയോ-ബ്ലോക്ക് ചെയ്യിക്കുകയാണ്.
രാജ്യസുരക്ഷയെ ബാധിക്കുന്നവ, വ്യാജവാർത്തകൾ, വിദ്വേഷപ്രചാരണത്തിലൂടെ ക്രമസമാധാന തകർച്ചയുണ്ടാക്കുന്നവ തുടങ്ങിയ പോസ്റ്റുകൾ നീക്കം ചെയ്യാനാണ് നിയമത്തിൽ വ്യവസ്ഥയുള്ളത്. എന്നാൽ കേരളത്തിൽ സംഭവിക്കുന്നത് എന്താണ്?
വ്യാജവാർത്തയോ ക്രമസമാധാന പ്രശ്നമോ ഉണ്ടാക്കാത്ത, സർക്കാരിന്റെ അഴിമതികളെയും ഭരണപരാജയങ്ങളെയും വിമർശിക്കുന്ന മാധ്യമവാർത്തകളും സാധാരണക്കാരായ ജനങ്ങളുടെ അഭിപ്രായങ്ങളുമാണ് വായടപ്പിക്കാൻ വേണ്ടി നീക്കം ചെയ്യിക്കുന്നത്.
മാധ്യമങ്ങളെ നേരിട്ട് നിരോധിക്കാതെ, അവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ തടഞ്ഞുകൊണ്ട് പിൻവാതിലിലൂടെ മാധ്യമസ്വാതന്ത്ര്യത്തിന്മേൽ കടന്നുകയറുകയാണ് സർക്കാർ ചെയ്യുന്നത്.
മോദി സർക്കാരിനെ ഉപയോഗിച്ചാണ് ഇത് നടപ്പിലാക്കുന്നതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് ശരിയാണെങ്കിൽ യുഡിഎഫ് സർക്കാരിനെ എത്ര കരുതലോടെയാണ് മോദി സർക്കാർ സംരക്ഷിക്കുന്നത് വ്യക്തം
ജനാധിപത്യത്തിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും വിമർശിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെയും മാധ്യമങ്ങളുടെയും മൗലികാവകാശമാണ്. വിമർശിക്കുന്ന വാർത്തകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്യിച്ച് ഭരണം മുന്നോട്ട് കൊണ്ടുപോകാമെന്ന് കരുതുന്നത് ശുദ്ധ മണ്ടത്തരമാണ്.
ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ജനങ്ങളിൽ നിന്ന് ഉണ്ടാവണം





