Malayali Media
Kerala

പുന്നത്തൂർ ആനക്കോട്ടയിലെ ഗജവീരന്മാരുടെ സംരക്ഷണം: ഗുരുവായൂർ ദേവസ്വത്തിന് നിർണ്ണായക മാർഗ്ഗനിർദ്ദേശങ്ങളുമായി ഹൈക്കോടതി

13 Aug 20262 views 3 min read
പുന്നത്തൂർ ആനക്കോട്ടയിലെ ഗജവീരന്മാരുടെ സംരക്ഷണം: ഗുരുവായൂർ ദേവസ്വത്തിന് നിർണ്ണായക മാർഗ്ഗനിർദ്ദേശങ്ങളുമായി ഹൈക്കോടതി
Advertisement

കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന് കീഴിൽ പ്രവർത്തിക്കുന്ന പുന്നത്തൂർ ആനക്കോട്ടയിലെ ആനകളുടെ ആരോഗ്യസുരക്ഷയും പരിപാലനവും ഉറപ്പാക്കാൻ നിർണ്ണായക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ഹൈക്കോടതി. ദേവസ്വം മാനേജിംഗ് കമ്മിറ്റിക്ക് ഇതുസംബന്ധിച്ച ഇടക്കാല ഉത്തരവ് ദേവസ്വം ബെഞ്ചാണ് നൽകിയത്. കോടതി നിർദ്ദേശിച്ച കാര്യങ്ങൾ അടിയന്തരമായി നടപ്പിലാക്കാനും ഉത്തരവിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ആനക്കോട്ടയിലെ പരിതാപകരമായ അവസ്ഥ ചൂണ്ടിക്കാട്ടിയും ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിയുടെ കടുത്ത വീഴ്ചകൾ ചോദ്യം ചെയ്തും സമർപ്പിച്ച ഹർജികളിലാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. മൃഗസംരക്ഷണ പ്രവർത്തകയായ സംഗീത അയ്യരും 'സൊസൈറ്റി ഫോർ എലഫന്റ് വെൽഫെയർ' എന്ന സംഘടനയും സമർപ്പിച്ച ഹർജികൾ പരിഗണിച്ച് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്.

പ്രധാനമായും 11 മാർഗ്ഗനിർദ്ദേശങ്ങളാണ് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുള്ളത്:

  • ആനകൾക്ക് ഗുണമേന്മയുള്ള ആഹാരവും ശുദ്ധമായ കുടിവെള്ളവും നൽകണം. വനം വകുപ്പ് നിശ്ചയിച്ചിട്ടുള്ള 'മോഡൽ ഫീഡിംഗ് ഷെഡ്യൂൾ' പൂർണ്ണമായും പിന്തുടരുകയും, ആനക്കോട്ടയിലെ ആർ.ഒ. വാട്ടർ പ്യൂരിഫിക്കേഷൻ സിസ്റ്റം കൃത്യമായ പ്രവർത്തനക്ഷമതയോടെ നിലനിർത്തി തടസ്സമില്ലാതെ ശുദ്ധജലം ലഭ്യമാക്കുകയും വേണം.
  • ആനക്കോട്ടയിലുള്ള ജലാശയങ്ങളിലെ പായലും ചെളിയും അടിയന്തരമായി വൃത്തിയാക്കണം. തറയിൽ എപ്പോഴും വെള്ളക്കെട്ട് ഉണ്ടാകുന്നതിനാൽ, ആനകളെ തളയ്ക്കുന്നയിടത്തു വച്ച് ഹോസ് പൈപ്പ് ഉപയോഗിച്ച് കുളിപ്പിക്കുന്ന രീതി അവസാനിപ്പിക്കണം. ആഴ്ചയിലൊരിക്കലെങ്കിലും എല്ലാ ആനകൾക്കും ഒഴുക്കുള്ള വെള്ളത്തിൽ കുളിക്കാനുള്ള സൗകര്യം ഒരുക്കണം.
  • പാർപ്പിട ഇടങ്ങൾ വൃത്തിയുള്ളതും ആരോഗ്യകരവുമായി സൂക്ഷിക്കണം. തറയിൽ ഈർപ്പം നിലനിൽക്കുന്നത് ഒഴിവാക്കാൻ തളയ്ക്കുന്ന സ്ഥലങ്ങൾ ഇടയ്ക്കിടെ മാറ്റുകയും കോട്ട സമനിരപ്പായ മൺതറയായി പരിപാലിക്കുകയും വേണം. ആനപ്പിണ്ഡവും മറ്റ് മാലിന്യങ്ങളും യഥാസമയം നീക്കം ചെയ്ത് കോട്ട ശുചിയായി സൂക്ഷിക്കാൻ കരാറുകാരനെ ചുമതലപ്പെടുത്തണം.
  • ഊഴമനുസരിച്ചാണെങ്കിലും ദിനംപ്രതി 4 മുതൽ 5 കിലോമീറ്റർ വരെ ആനകളെ നടത്തുന്നെന്ന് ഉറപ്പാക്കണം. ആനകളുടെ ശാരീരിക-മാനസിക ഉല്ലാസത്തിനായി മൺകുളിയും മറ്റ് വിനോദ മാർഗ്ഗങ്ങളും ഒരുക്കേണ്ടതുണ്ട്.
  • വെറ്ററിനറി ചികിത്സാ സൗകര്യങ്ങൾ അടിയന്തരമായി നവീകരിക്കണം. പോർട്ടബിൾ എക്സ്-റേ, മൈക്രോസ്കോപ്പ്, എൻഡോസ്കോപ്പി ഉപകരണങ്ങൾ, അടിസ്ഥാന ശസ്ത്രക്രിയാ സംവിധാനങ്ങൾ എന്നിവ വെറ്ററിനറി സെന്ററിൽ സജ്ജമാക്കണം. ആവശ്യമെങ്കിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണം. പ്രതിമാസ പരിശോധനകൾ നടത്തുന്ന ചീഫ് വെറ്ററിനറി ഓഫീസറും ഡിസ്ട്രിക്റ്റ് അനിമൽ ഹസ്ബൻഡറി ഓഫീസറും സമർപ്പിക്കുന്ന റിപ്പോർട്ടുകൾ തുടർന്നുള്ള നടപടികൾക്കായി ചീഫ് വൈൽഡ് ലൈഫ് വാർഡന് കൈമാറണം.
  • ക്രൂരത തടയുന്നതിനും നിരീക്ഷണത്തിനുമായി ആനക്കോട്ടയിലെ പ്രധാന ഭാഗങ്ങളിലും തളയ്ക്കുന്ന സ്ഥലങ്ങളിലും അടിയന്തരമായി സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണം. ഈ ദൃശ്യങ്ങൾ കുറഞ്ഞത് 40 ദിവസത്തെ സ്റ്റോറേജ് ബാക്കപ്പോടെ സൂക്ഷിക്കേണ്ടതാണ്.
  • നിയമപ്രകാരമുള്ള എലിഫന്റ് ഡാറ്റാ ബുക്ക്, ഫീഡിംഗ് രജിസ്റ്റർ, മൂവ്മെന്റ് രജിസ്റ്റർ, ട്രീറ്റ്‌മെന്റ് രജിസ്റ്റർ എന്നിവ കൃത്യമായി പരിപാലിക്കണം. വനം വകുപ്പ് ഉദ്യോഗസ്ഥർ മൂന്നുമാസത്തിലൊരിക്കൽ നടത്തുന്ന പരിശോധനകളോട് പൂർണ്ണമായും സഹകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

Tags:#thrissur#elephant welfare
Advertisement

Related News

Comments

Add a Comment

Our Channels

പുന്നത്തൂർ ആനക്കോട്ടയിലെ ഗജവീരന്മാരുടെ സംരക്ഷണം: ഗുരുവായൂർ ദേവസ്വത്തിന് നിർണ്ണായക മാർഗ്ഗനിർദ്ദേശങ്ങളുമായി ഹൈക്കോടതി | Malayali Media