ന്യൂഡൽഹി: ഛത്തീസ്ഗഢിലെ ബസ്തറിൽ സൈനികർക്ക് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'ദിമാഗി നക്സൽ' പരാമർശത്തിനെതിരെ രൂക്ഷമായ മറുപടിയുമായി ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. യഥാർത്ഥ രാജ്യവിരുദ്ധർ ആരാണെന്നും വിദേശശക്തികളുടെ ചരടുവലികൾക്ക് വഴങ്ങുന്നത് ആരാണെന്നും വ്യക്തമാക്കാൻ തന്നോടൊപ്പം തുറന്ന ചർച്ചയ്ക്ക് തയ്യാറാകാൻ അദ്ദേഹം പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. പ്രധാനമന്ത്രി തങ്ങളെ നക്സലുകളെന്ന് വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ അസത്യങ്ങൾ സിആർപിഎഫ് ജവാന്മാർ വിശ്വസിച്ചില്ലെന്ന് സൈനികരുടെ മുഖഭാവം വ്യക്തമാക്കിയതായി സിആർപിഎഫിനെ ടാഗ് ചെയ്തുകൊണ്ട് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
ദീപാവലി ദിനത്തിൽ ബസ്തറിൽ സൈനികരെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി, കാടുകളിൽ നിന്ന് സായുധ നക്സലുകളെ തുടച്ചുനീക്കിയെങ്കിലും ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞിരുന്നു. സായുധ സംഘങ്ങൾക്ക് പകരം ഇന്ന് 'ദിമാഗി നക്സലുകൾ' പല സംഘടനകളിലും രാഷ്ട്രീയ പാർട്ടികളിലും നുഴഞ്ഞുകയറിയിട്ടുണ്ടെന്നും ഭരണഘടനയ്ക്കും ജനാധിപത്യത്തിനുമെതിരെ ജനങ്ങളെ തിരിച്ചുവിടുന്ന ഇവരെ തിരിച്ചറിഞ്ഞ് പരാജയപ്പെടുത്തണമെന്നുമായിരുന്നു മോദിയുടെ ആരോപണം. ശരിയായ നയങ്ങളുടെയും രാഷ്ട്രീയ ഇച്ഛാശക്തിയുടെയും ഫലമായാണ് മാവോയിസ്റ്റ് ഭീകരതയെ ഇല്ലാതാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
മുൻ സർക്കാരുകളുടെ ഭരണകാലത്ത് 20 സംസ്ഥാനങ്ങളിലെ 230-ലധികം ജില്ലകളിൽ നക്സൽ സ്വാധീനമുണ്ടായിരുന്നുവെന്നും പ്രതിവർഷം 2,000 ആക്രമണങ്ങൾ വരെ നടന്നിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടിയിരുന്നു. സൂര്യാസ്തമയത്തോടെ ജീവിതം നിലച്ചിരുന്ന ആ കാലഘട്ടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ വീരമൃത്യു വരിച്ചപ്പോൾ ഭരണാധികാരികളിൽ നിന്ന് ഒരു തുള്ളി കണ്ണീർ പോലും പൊടിഞ്ഞില്ലെന്നും മുൻ ഭരണകൂടങ്ങളെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞിരുന്നു.





