ലഖ്‌നൗ: സമാജ്‌വാദി പാർട്ടി അധികാരത്തിൽ തിരിച്ചെത്തിയാൽ അയോധ്യയെ ലോകോത്തര സൗകര്യങ്ങളോടെ സനാതന തീർത്ഥാടനത്തിന്റെ ആഗോള തലസ്ഥാനമാക്കി മാറ്റുമെന്ന് പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. രാമക്ഷേത്രവുമായി ബന്ധപ്പെട്ട നിർമ്മാണ-ഭൂമി ഇടപാടുകളിലെ അഴിമതികൾ സമഗ്രമായി അന്വേഷിക്കുമെന്നും ക്ഷേത്രഭരണത്തിൽ സുതാര്യത കൊണ്ടുവരുമെന്നും 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി. അഴിമതിയും കൊള്ളയും കാരണമാണ് അയോധ്യയിലെത്തുന്ന ഭക്തരുടെ എണ്ണത്തിൽ വലിയ ഇടിവുണ്ടായതെന്നും അഖിലേഷ് ആരോപിച്ചു.
അയോധ്യയെ പുറത്തുനിന്നുള്ള കരാറുകാരുടെയും ഇടനിലക്കാരുടെയും പിടിയിൽ നിന്ന് മോചിപ്പിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. തട്ടിപ്പിൽ ഉൾപ്പെട്ട ഒരു ബിജെപി നേതാവിനെയോ അഴിമതിക്കാരായ ഉദ്യോഗസ്ഥരെയോ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും, അനധികൃതമായി സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും എസ്പി അധ്യക്ഷൻ വ്യക്തമാക്കി. പ്രാദേശിക വള്ളക്കാർക്ക് മുൻഗണന നൽകി പരമ്പരാഗത ബോട്ടിംഗ് സംവിധാനം വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ക്ഷേത്ര പരിസരത്ത് നിലത്തുവീണ എണ്ണ ശേഖരിച്ച പാവപ്പെട്ടവരെ ലാത്തികൊണ്ട് അടിച്ച സംഭവം പരാമർശിച്ച അഖിലേഷ്, ദരിദ്രരായ സ്ത്രീകളെയും കുട്ടികളെയും അപമാനിക്കുന്ന അവസ്ഥ ഇനി അനുവദിക്കില്ലെന്ന് പറഞ്ഞു. പാവപ്പെട്ടവരുടെ പോഷകാഹാരം ഉറപ്പാക്കാൻ റേഷൻ കടകളിലൂടെ എണ്ണയും നെയ്യും നൽകും. ദളിത്, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ ശ്രീരാമൻ ചേർത്തുപിടിച്ച പാരമ്പര്യം ഉൾക്കൊള്ളാൻ ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് കഴിയില്ലെന്നും, ശ്രീരാമനെയോ ശ്രീകൃഷ്ണനെയോ ഇതര മതസ്ഥരുടെ ആരാധനാമൂർത്തികളെയോ അപമാനിക്കുന്നവർക്കെതിരെയും മതസൗഹാർദ്ദം തകർക്കുന്നവർക്കെതിരെയും കർശന നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





