ന്യൂഡൽഹി: സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെയും നെഹ്‌റു-ഗാന്ധി കുടുംബത്തിലെ പ്രമുഖരുടെ മരണങ്ങളെയും പരസ്പരം ബന്ധിപ്പിച്ച് സംശയം പ്രകടിപ്പിച്ച ബിജെപി എംപി കങ്കണ റണാവത്തിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹമാണെന്നും, ഇന്ദിരാ ഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി എന്നിവർ കൊല്ലപ്പെട്ടത് വെറും യാദൃശ്ചികമല്ലെന്നും കങ്കണ ആരോപിച്ചു. സ്വാഭാവിക അനന്തരാവകാശികൾ ഇല്ലാതായതോടെ അധികാരം മറ്റൊരു വിദേശ വനിതയായ സോണിയ ഗാന്ധിയിൽ എത്തിച്ചേരുകയായിരുന്നുവെന്നാണ് കങ്കണയുടെ വാദം.
സോണിയാ ഗാന്ധിയുടെ ഓർമ്മക്കുറിപ്പായ 'ബിലോങ്ങിങ്; എ ജേർണി ഓഫ് ലൗ' പുറത്തിറങ്ങിയതിന് പിന്നാലെ ബിജെപി നടത്തുന്ന വിമർശനങ്ങളുടെ തുടർച്ചയായാണ് ഈ പ്രതികരണം. 1981-ൽ ചിത്രീകരിച്ച ഒരു പഴയ കുടുംബ അത്താഴവിരുന്നിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വീണ്ടും പ്രചരിച്ചതാണ് കങ്കണയുടെ വിവാദ പരാമർശങ്ങൾക്ക് ആധാരം. ഇന്ദിരാ ഗാന്ധി, സോണിയാ ഗാന്ധി, മനേകാ ഗാന്ധി, കുട്ടികളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്ള ദൃശ്യത്തിൽ, രാജീവ് ഗാന്ധി അമേഠി ഉപതിരഞ്ഞെടുപ്പിൽ മുന്നിലാണെന്ന ഫോൺ കോൾ വരുന്നതും അതിനോടുള്ള കുടുംബാംഗങ്ങളുടെ പ്രതികരണങ്ങളുമാണ് ഉള്ളത്.
1980 ജൂണിൽ വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി മരിച്ചതിന് പിന്നാലെ നടന്ന ഈ വിരുന്നിൽ, അദ്ദേഹത്തിന്റെ വിധവയായ മനേകാ ഗാന്ധി കടുത്ത ഒറ്റപ്പെടൽ അനുഭവിച്ചതായി കങ്കണ വ്യാഖ്യാനിക്കുന്നു. എല്ലാവരും പോകുമ്പോഴും അമ്മായിയമ്മയായ ഇന്ദിരാ ഗാന്ധിയിൽ നിന്ന് ഒരു ചെറിയ പുഞ്ചിരിയോ സാന്ത്വനമോ കൊതിച്ച് മുറിവേറ്റ കുട്ടിയെപ്പോലെ മനേക ഒറ്റപ്പെട്ടുനിന്നുവെന്നും, ഈ കുടുംബവുമായി സോണിയ എങ്ങനെ ഇത്രയധികം അടുത്തുചേർന്നുവെന്നും കങ്കണ ചോദിച്ചു.
1981-ൽ രാജീവ് ഗാന്ധി അമേഠിയിൽ വിജയിച്ചതും, 1982-ൽ ഇന്ദിരയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് മനേക കുടുംബം വിട്ടതും, 1984 ഒക്ടോബറിൽ ഇന്ദിരാ ഗാന്ധിയും 1991 മേയിൽ തമിഴ് പുലികളുടെ ചാവേർ ആക്രമണത്തിൽ രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടതും കങ്കണ പരാമർശിച്ചു. സോണിയാ ഗാന്ധിയെ 'നിഗൂഢയായ വിദേശ പൗര' എന്ന് വിശേഷിപ്പിച്ച കങ്കണ, കുടുംബത്തിലെ പ്രധാന അംഗങ്ങളുടെ മരണശേഷം അവർ എങ്ങനെ കോൺഗ്രസിന്റെയും ആ കുടുംബത്തിന്റെയും കേന്ദ്ര വ്യക്തിത്വമായി മാറിയെന്ന് ചോദിച്ചാണ് സംശയത്തിന്റെ നിഴലിൽ നിർത്തിയത്.





