ലഖ്‌നൗ: ഉത്തർപ്രദേശിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷന് (എസ്ഐആർ) പിന്നാലെ 1.27 കോടി ഹിന്ദു വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്യപ്പെട്ടതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. അതേസമയം സംസ്ഥാനത്ത് മുസ്‌ലിം വോട്ടർമാരുടെ എണ്ണത്തിൽ 1.65 ശതമാനം വർധനവുണ്ടായെന്നും, പട്ടികയിൽ നിന്ന് പുറത്തായ യഥാർത്ഥ വോട്ടർമാരെ തിരികെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പഞ്ചായത്ത് വോട്ടർപട്ടികയിൽ ഉണ്ടായിരുന്നവരാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ നിന്ന് അപ്രത്യക്ഷമായതെന്ന് യോഗി ചൂണ്ടിക്കാട്ടി. സർക്കാർ ക്ഷേമപദ്ധതികളുടെ ആനുകൂല്യം ലഭിക്കുന്ന 66 ലക്ഷം പേരും 18-19 പ്രായപരിധിയിലുള്ള 4.5 ലക്ഷം യുവാക്കളും ഇത്തരത്തിൽ ഒഴിവാക്കപ്പെട്ടവരിൽ ഉൾപ്പെടുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, ആസൂത്രിതമായ ഈ നീക്കത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. എസ്ഐആറിനെതിരെ തെറ്റായ പ്രചാരണം നടത്തുന്ന സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന് ഇത് പിൻവലിക്കാൻ ആവശ്യപ്പെടാൻ ധൈര്യമുണ്ടോയെന്നും അദ്ദേഹം വെല്ലുവിളിച്ചു.
2025 ഒക്ടോബർ 27-ന് ആരംഭിച്ച എസ്ഐആർ നടപടികൾ പൂർത്തിയാക്കി ഏപ്രിൽ 10-നാണ് സംസ്ഥാനത്ത് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. ഇതോടെ വോട്ടർമാരുടെ ആകെ എണ്ണം 15.44 കോടിയിൽ നിന്ന് 13.39 കോടിയായി കുറഞ്ഞു. തുടർന്ന് നിയമസഭാ വോട്ടർപട്ടികയും പഞ്ചായത്ത് പട്ടികയും തമ്മിൽ 2.4 കോടി വോട്ടർമാരുടെ വ്യത്യാസം കണ്ടെത്തിയതിനെ തുടർന്ന്, ഇരു പട്ടികകളും തദ്ദേശ സ്ഥാപനങ്ങളിലെ രേഖകളുമായി ഒത്തുനോക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ കഴിഞ്ഞയാഴ്ച നിർദ്ദേശം നൽകിയിരുന്നു.





