ഡൽഹി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ജീവിതാവസ്ഥകളും അനുഭവങ്ങളും വിവരിക്കുന്ന പുതിയ ഓർമ്മക്കുറിപ്പ് വിപണിയിലെത്തി. പുസ്തകത്തിന്റെ പ്രകാശനത്തിന് പിന്നാലെ ഡൽഹിയിലെ പ്രശസ്തമായ ഖാൻ മാർക്കറ്റിലുള്ള പുസ്തകശാലയിലെത്തി ജെബി മേത്തർ എംപി പുസ്തകം കൈപ്പറ്റി. പുസ്തകം പുറത്തിറങ്ങുന്ന ആദ്യദിനം തന്നെ വാങ്ങി വായിക്കണമെന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും കാത്തിരിപ്പിന് ഇതോടെ വിരാമമായെന്നും അവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
'ബിലോങ്ങിങ്' എന്നത് ഒരു സാധാരണ പുസ്തകമല്ലെന്നും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും അനുഭവങ്ങളാണ് ഇതിൽ ഉള്ളടങ്ങിയിരിക്കുന്നതെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടി. വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലും സോണിയ ഗാന്ധി നേരിട്ട വെല്ലുവിളികളെ അവർ എപ്രകാരം ധീരമായി അതിജീവിച്ചു എന്നതിന്റെ നേർചിത്രമാണ് ഈ ഓർമ്മക്കുറിപ്പ്.
പുസ്തകത്തിനെതിരെ ബിജെപി ഉന്നയിക്കുന്ന വിമർശനങ്ങളെയും എംപി തള്ളി. ബിജെപിക്ക് പ്രത്യേക അജണ്ടകളുണ്ടെന്നും അവരുടെ മനസ്സാക്ഷി മരവിച്ച നിലയിലാണെന്നും ആരോപിച്ച അവർ, ബിജെപിയുടെ പ്രതികരണങ്ങൾക്ക് പിന്നിൽ ഭയമാണെന്നും വ്യക്തമാക്കി.





