ദുബായ്: യൂട്യൂബർ ഷാജൻ സ്കറിയ ഉയർത്തിയ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് വ്യക്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ഇത്തരം കാര്യങ്ങൾക്ക് പകരം നല്ല വാർത്തകൾ സംസാരിക്കാനാണ് ഈ സമയം ഉപയോഗിക്കേണ്ടതെന്നും, സ്ഥാപനവുമായി ബന്ധപ്പെട്ട ഒട്ടേറെ നല്ല കാര്യങ്ങൾ പറയുവാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഊദ് അൽ മുതിനയിലെ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് ഉദ്ഘാടന ചടങ്ങിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകത്തിലെ ഏറ്റവും മികച്ച ഭരണഘടനയാണ് ഇന്ത്യയുടേതെന്നും യാത്രകളിൽ താൻ അത് വായിക്കാറുണ്ടെന്നും യൂസഫലി പറഞ്ഞു. മഹാനായ ബി.ആർ. അംബേദ്കർ രൂപകൽപ്പന ചെയ്ത ഭരണഘടന ഏതൊരാൾക്കും സംസാരിക്കാനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്.
എന്നാൽ ഈ അഭിപ്രായസ്വാതന്ത്ര്യത്തിന് കൃത്യമായ ഒരു പരിധിയുണ്ടെന്നും ആ അതിർവരമ്പുകൾ എത്തുമ്പോൾ അത് അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.





