ന്യൂഡൽഹി: 20,000 രൂപയ്ക്ക് മുകളിലുള്ള വൻകിട രാഷ്ട്രീയ സംഭാവനകൾ സ്വരൂപിക്കുന്നതിൽ ഭരണകക്ഷിയായ ബിജെപി ഒന്നാമത് തുടരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം 6,074.02 കോടി രൂപയാണ് ബിജെപിക്ക് ഇത്തരത്തിൽ സംഭാവനയായി ലഭിച്ചത്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസിന് ലഭിച്ച തുകയുടെ 12 ഇരട്ടിയാണിത്.
കഴിഞ്ഞ 12 സാമ്പത്തിക വർഷങ്ങളിലെ കണക്കുകളിലും ബിജെപി തന്നെയാണ് മുന്നിൽ നിൽക്കുന്നത്; അതേസമയം പാർട്ടിയുടെ 2025-26 വർഷത്തെ കണക്കുകൾ തിരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മറുഭാഗത്ത് കോൺഗ്രസിന് ലഭിക്കുന്ന വൻകിട സംഭാവനകളിൽ വലിയ കുറവാണ് രേഖപ്പെടുത്തിയത്. 2024-25 സാമ്പത്തിക വർഷത്തിൽ 517.39 കോടി രൂപ ലഭിച്ചിരുന്നിടത്ത്, 2025-26 സാമ്പത്തിക വർഷത്തിൽ 20,000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾ 75 ശതമാനം ഇടിഞ്ഞ് 130.69 കോടി രൂപയായി ചുരുങ്ങി.
കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണ് 2025-26-ൽ കോൺഗ്രസ് നേരിട്ടത്; മുൻ വർഷത്തെ അപേക്ഷിച്ച് 86 ശതമാനത്തിന്റെ കുറവാണിത്. സ്റ്റാർ സിമന്റ് (5 കോടി രൂപ), സജ്ജൻ ഭജങ്ക (4 കോടി രൂപ), പ്രേംകുമാർ ഭജങ്ക (2 കോടി രൂപ) എന്നിവരാണ് ഇക്കാലയളവിൽ കോൺഗ്രസിന് പ്രധാനമായും സംഭാവന നൽകിയത്. മുൻ വർഷങ്ങളിൽ 2020-21-ൽ 74.52 കോടി രൂപയും, 2021-22-ൽ 95.46 കോടി രൂപയും, 2022-23-ൽ 79.92 കോടി രൂപയുമാണ് പാർട്ടിക്ക് ലഭിച്ചിരുന്നത്.
അംഗത്വ ഫീസ്, കൂപ്പൺ കളക്ഷനുകൾ, ചെറിയ സംഭാവനകൾ, പലിശ എന്നിവയുൾപ്പെടുന്ന പാർട്ടിയുടെ ആകെ വരുമാനം ഈ സംഭാവന റിപ്പോർട്ടിൽ പ്രതിഫലിക്കില്ല. 2025-26 വർഷത്തെ ഓഡിറ്റ് ചെയ്ത അക്കൗണ്ടുകൾ ഇതുവരെ അപ്‌ലോഡ് ചെയ്തിട്ടില്ല.





