ബെംഗളൂരു: ശ്രദ്ധയിൽപ്പെടുന്ന എന്ത് കാര്യത്തിലും ഇടപെടാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) 'സൂപ്പർ പോലീസല്ലെന്ന്' കർണാടക ഹൈക്കോടതി. കേന്ദ്ര ഏജൻസിയുടെ പ്രവർത്തനപരിധിക്ക് വ്യക്തമായ അതിരുകൾ നിശ്ചയിച്ച ജസ്റ്റിസ് എം.ഐ. അരുണിന്റെ ബെഞ്ച്, നിയമപരമായ ചട്ടക്കൂട് ലംഘിച്ച് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വതന്ത്രമായി അന്വേഷണ പരിധി സൃഷ്ടിക്കാൻ ഇഡിക്ക് അധികാരമില്ലെന്ന് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടക കോൺഗ്രസ് എംഎൽഎ കെ.വൈ. നഞ്ചെഗൗഡയ്ക്കും അദ്ദേഹവുമായി ബന്ധപ്പെട്ട മറ്റുള്ളവർക്കുമെതിരെ ഇഡി ചുമത്തിയ ഇസിഐആർ നടപടികൾ കോടതി പൂർണ്ണമായി റദ്ദാക്കി.
കോലാർ-ചിക്കബല്ലാപ്പൂർ ഡിസ്ട്രിക്റ്റ് കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിലെ (KOMUL) നിയമന ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികളിലാണ് ഈ സുപ്രധാന വിധി. ഇഡി സമർപ്പിച്ച സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തിലുള്ള തുടർനടപടികളും കോടതി അസാധുവാക്കി. ഹർജിക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയത് ശരിവെച്ച പിഎംഎൽഎ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ ഉത്തരവ് തള്ളിയ ഹൈക്കോടതി, പിടിച്ചെടുത്ത വസ്തുക്കൾ ഉടമയ്ക്ക് തിരികെ നൽകാനും നിർദ്ദേശിച്ചു.
പിഎംഎൽഎ പ്രകാരം ഇഡിക്ക് ലഭിക്കുന്ന അധികാരം മറ്റ് നിയമവ്യവസ്ഥകളിൽ നിന്ന് ഉരുത്തിരിഞ്ഞു വന്നത് മാത്രമാണെന്നും സ്വതന്ത്രമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണത്തിന് ആധാരമായ പ്രഥമ കുറ്റം (പ്രെഡിക്കേറ്റ് ഒഫൻസ്) നിലനിൽക്കുന്നില്ലെങ്കിൽ ആ നിയമപ്രകാരമുള്ള നടപടികൾക്കും നിലനിൽപ്പുണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കി.





