ഡൽഹി: സോണിയ ഗാന്ധിയുടെ ഓർമ്മക്കുറിപ്പുകൾ ഉൾപ്പെടുത്തിയ 'ബിലോങിങ്, എ ജേർണി ഓഫ് ലവ്' എന്ന പുസ്തകത്തിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി വക്താവ് സി.ആർ. കേശവൻ. ഗാന്ധി കുടുംബവും കോൺഗ്രസും വരുത്തിവെച്ച ചരിത്രപരമായ വലിയ വീഴ്ചകളെയും പാപങ്ങളെയും വെള്ളപൂശാൻ ഉദ്ദേശിച്ചുള്ളതാണ് രചനയെന്നും, 'ബിലോങ്ങിങ്' എന്നതിന് പകരം പുസ്തകത്തിന് 'വൈറ്റ് വാഷിംഗ്' എന്നാണ് പേരിടേണ്ടിയിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസ് വരുത്തിയ തെറ്റുകൾ തിരുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ബാബറി മസ്ജിദ് വിഷയത്തിൽ കണ്ണീരൊഴുക്കിയതായി അവകാശപ്പെടുന്ന സോണിയ ഗാന്ധി, സിഖ് വിരുദ്ധ കലാപത്തിൽ ഗുരുദ്വാരകൾ തകർക്കപ്പെട്ടപ്പോഴും ബട്‌ല ഹൗസ് ഏറ്റുമുട്ടൽ നടന്നപ്പോഴും സമാനമായ രീതിയിൽ പ്രതികരിച്ചിരുന്നോ എന്ന് കേശവൻ ചോദിച്ചു. 26/11 മുംബൈ ഭീകരാക്രമണത്തിൽ നിരപരാധികൾ കൊല്ലപ്പെട്ടപ്പോൾ സോണിയ കണ്ണീർ പൊഴിച്ചിട്ടുണ്ടോയെന്നും, അന്നത്തെ യുപിഎ സർക്കാർ ഭീരുക്കളെപ്പോലെ തിരിച്ചടിക്കാൻ മടിച്ചത് എന്തുകൊണ്ടാണെന്ന് പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു.
അടിയന്തരാവസ്ഥയെ സോണിയ ഗാന്ധി പുസ്തകത്തിലൂടെ ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്ന് സി.ആർ. കേശവൻ ആരോപിച്ചു. കോൺഗ്രസ് ഭരണകാലത്തുണ്ടായ വലിയ വീഴ്ചകളെ പൂർണ്ണമായി മറച്ചുപിടിക്കാനാണ് ഈ രചനയിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.





