ഹൈദരാബാദ്: ഡൽഹി മദ്യനയക്കേസിലെ ജയിൽവാസത്തിന് ശേഷം മടങ്ങിയെത്തിയ സ്വന്തം സഹോദരി കെ. കവിതയെ സ്വത്ത് വീതംവെക്കാതെ വീട്ടിൽനിന്ന് പുറത്താക്കിയ ആളാണ് ബിആർഎസ് നേതാവ് കെ.ടി. രാമറാവുവെന്നും, അങ്ങനെയുള്ളയാൾക്ക് സ്ത്രീക്ഷേമത്തെക്കുറിച്ച് സംസാരിക്കാൻ എന്ത് അർഹതയാണുള്ളതെന്നും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി. കവിതയ്ക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽപ്പോലും സംരക്ഷിക്കേണ്ട ബാധ്യത സഹോദരനുണ്ടെന്നും, മകനെ നേർവഴിക്ക് നയിക്കാൻ പരാജയപ്പെട്ട കെ. ചന്ദ്രശേഖര റാവുവിന് സംസ്ഥാനത്തെ നാലുകോടി ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊടങ്കൽ മണ്ഡലത്തിൽ വനിതാ സ്വയംസഹായ സംഘങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ ഒരു കോടി സ്ത്രീകളെ കോടീശ്വരികളാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 2023 ഡിസംബറിൽ താൻ അധികാരമേൽക്കുമ്പോൾ 60 ലക്ഷത്തോളമായിരുന്ന സ്വയംസഹായ സംഘങ്ങളിലെ അംഗസംഖ്യ നിലവിൽ 70 ലക്ഷമായി ഉയർന്നിട്ടുണ്ടെന്നും, 2034-ഓടെ ഇത് ഒരു കോടിയിലെത്തിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബർ 19-ന് സഹോദരന്റെ സമ്മാനമെന്ന നിലയിൽ സ്ത്രീകൾക്കായി സൗജന്യ 'ഇന്ദിരമ്മ' സാരികളുടെ രണ്ടാംഘട്ട വിതരണം ആരംഭിക്കും.
കഴിഞ്ഞ 34 മാസത്തിനിടെ സ്വയംസഹായ സംഘങ്ങൾക്കായി ബാങ്കുകൾ വഴി 79,000 കോടി രൂപയുടെ വായ്പകൾ സർക്കാർ ലഭ്യമാക്കിയിട്ടുണ്ട്. സർക്കാർ സ്കൂൾ വിദ്യാർഥികൾക്കുള്ള യൂണിഫോം തുന്നൽ ചുമതല നൽകിയതിലൂടെ പ്രതിവർഷം 150 കോടി മുതൽ 200 കോടി രൂപ വരെയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതായും, പെട്രോൾ പമ്പുകൾ, സൗരോർജ ഉൽപ്പാദനം തുടങ്ങിയ മേഖലകളിലും ഇവരെ പങ്കാളികളാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, പുതുതായി അനുവദിച്ച 4.5 ലക്ഷം സാമൂഹിക സുരക്ഷാ പെൻഷനുകളിൽ 3.5 ലക്ഷം അവിവാഹിതരായ സ്ത്രീകൾക്കും വിധവകൾക്കുമാണെന്നും നെയ്ത്തുകാർക്കും കള്ളുചെത്തു തൊഴിലാളികൾക്കും പെൻഷൻ ഉറപ്പാക്കിയിട്ടുണ്ടെന്നും രേവന്ത് റെഡ്ഡി കൂട്ടിച്ചേർത്തു.





