ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിക്ക് (സിജെപി) വിദേശത്തുനിന്നല്ല, മറിച്ച് ബിജെപിയിൽ നിന്നാണ് ഫണ്ട് ലഭിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. സിജെപിക്ക് ഇന്ത്യാവിരുദ്ധ ശക്തികളിൽ നിന്നും പാകിസ്താൻ രാഷ്ട്രീയക്കാരിൽ നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടെന്ന കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ ആരോപണത്തിന് മറുപടി നൽകുകയായിരുന്നു അവർ.
ബിജെപിയിൽ നിന്നും ഇലക്ടറൽ ബോണ്ടുകളിൽ നിന്നുമാണ് തങ്ങൾക്ക് പണം ലഭിക്കുന്നതെന്ന് സിജെപി നേതാക്കളായ അശുതോഷും സൗരവും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മഹുവ ചൂണ്ടിക്കാട്ടി. ആ സാഹചര്യത്തിൽ ആരാണ് ഫണ്ട് നൽകുന്നതെന്ന് വ്യക്തമാണെന്നും എന്നിട്ടും സൗരവിന്റെ പേര് ഒഴിവാക്കിയത് എന്തിനാണെന്നും അവർ പരിഹസിച്ചു.
രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യാവിരുദ്ധ എൻജിഒകളിൽ നിന്നും അനധികൃത സ്രോതസ്സുകളിൽ നിന്നും സിജെപിക്ക് പണം ലഭിച്ചതിന് തെളിവുണ്ടെന്നായിരുന്നു കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ വാദം. യുഎസ് സംഭാവനക്കാരിൽ നിന്നാണ് അഭിജീത് ദീപ്‌കെയ്ക്ക് ഫണ്ട് എത്തുന്നതെന്നും അശുതോഷ് റാങ്കയ്ക്ക് പണം നൽകുന്നത് പാകിസ്താൻ രാഷ്ട്രീയക്കാരാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
എന്നാൽ, കേന്ദ്രമന്ത്രിയുടെ ആരോപണങ്ങളെ സിജെപിയും തള്ളി. വിദേശത്തുനിന്ന് ധനസഹായം ലഭിക്കുന്നുണ്ടെന്ന് ബോധ്യമുണ്ടായിരുന്നെങ്കിൽ കേന്ദ്ര സർക്കാർ എന്തിനാണ് തങ്ങളുമായി ചർച്ച നടത്തിയതെന്ന് അശുതോഷ് റാങ്ക സമൂഹമാധ്യമമായ എക്സിലൂടെ ചോദിച്ചു.





