ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള റേസ് കോഴ്‌സ് മസ്ജിദിലേക്കുള്ള വൈദ്യുതിയും കുടിവെള്ള വിതരണവും വിച്ഛേദിച്ച ന്യൂഡൽഹി മുൻസിപ്പൽ കൗൺസിലിന്റെ (എൻഡിഎംസി) നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശനം. മുൻകൂട്ടി നോട്ടീസ് നൽകാതെ നിയമാനുസൃതം വിജ്ഞാപനം ചെയ്യപ്പെട്ടിട്ടുള്ള പൈതൃക സ്മാരകങ്ങളിലോ വഖഫ് സ്വത്തുക്കളിലോ ഇത്തരം ഏകപക്ഷീയ നടപടികൾ പാടില്ലെന്ന് കോടതി വ്യക്തമാക്കി.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മസ്ജിദ് ഇമാം സമർപ്പിച്ച ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, രേണു ഭട്‌നഗർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സുപ്രധാന ഇടപെടൽ നടത്തിയത്. ഹർജിയിൽ രണ്ടാഴ്ചയ്ക്കകം വിശദീകരണം നൽകാൻ എൻഡിഎംസിക്കും ഡൽഹി വഖഫ് ബോർഡിനും നോട്ടീസ് അയച്ച കോടതി, തുടർവാദം കേൾക്കുന്നതിനായി കേസ് ഡിസംബർ 14-ലേക്ക് മാറ്റി.
പ്രധാനമന്ത്രിയുടെ വസതിക്ക് എതിർവശത്തുള്ള ചേരികൾ ഒഴിപ്പിക്കുന്നത് സംബന്ധിച്ച ഹൈക്കോടതിയുടെ മുൻ ഉത്തരവിന്റെ മറപിടിച്ചാണ് എൻഡിഎംസി മസ്ജിദിനെതിരെ നടപടിയെടുത്തത്. എന്നാൽ ആ കേസുമായി പള്ളിക്ക് യാതൊരു ബന്ധവുമില്ലെന്നും കക്ഷിയല്ലാത്ത മസ്ജിദിലെ വെള്ളവും വെളിച്ചവും ചട്ടങ്ങൾ ലംഘിച്ചാണ് തടഞ്ഞതെന്നും ഇമാമിന് വേണ്ടി ഹാജരായ അഭിഭാഷകൻ സുഫിയാൻ സിദ്ധിഖി വാദിച്ചു. ലോക് കല്യാൺ മാർഗിന് അടുത്തുള്ള റേസ് കോഴ്സ് ക്ലബ്ബിന്റെ 53 ഏക്കർ സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഈ മസ്ജിദ് 2009-ൽ പൈതൃക നിർമ്മിതിയായും വഖഫ് സ്വത്തായും പ്രഖ്യാപിക്കപ്പെട്ടതാണ്; കേന്ദ്രസർക്കാർ സമീപത്തെ ഭൂമി തിരിച്ചുപിടിക്കുന്ന നീക്കത്തിനിടെ പള്ളി പൊളിച്ചുനീക്കുമോ എന്ന ആശങ്കയിൽ ഇമാം മുൻപും കോടതിയെ സമീപിച്ചിരുന്നു.





