ഹൈദരാബാദ്: യൂട്യൂബ് നോക്കി വ്യാജ കറൻസി നിർമ്മിക്കുകയും, കള്ളനോട്ട് വാങ്ങാനെത്തുന്ന ഇടപാടുകാരെ പോലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൊള്ളയടിക്കുകയും ചെയ്ത സംഘത്തെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് 6.78 കോടി രൂപയുടെ വ്യാജ നോട്ടുകൾ കണ്ടെടുത്തു. സംഭവത്തിൽ എം. കരുണാകർ, സി.എച്ച്. മാണിക്യ റെഡ്ഡി, സി.എച്ച്. രത്‌നാകർ റെഡ്ഡി, കെ. അജയ് കുമാർ എന്നിവരെയാണ് പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.
നവംബർ ഒന്നിന് കാറിൽ കള്ളനോട്ടുകൾ വിജയവാഡയിലേക്ക് കടത്താൻ ശ്രമിക്കവെ എൻഎച്ച്-65ൽ രാമോജി ഫിലിം സിറ്റിക്ക് സമീപം വെച്ചാണ് സംഘം പിടിയിലാകുന്നത്. അബ്ദുള്ളപൂർമെട്ട് പോലീസും ഷാദ്‌നഗർ സ്‌പെഷ്യൽ ഓപ്പറേഷൻസ് ടീമും ചേർന്ന് നടത്തിയ വാഹനപരിശോധനയിൽ എട്ട് ലക്ഷം രൂപയുടെ കള്ളനോട്ടുകൾ കണ്ടെടുത്തു. ഇവരെ ചോദ്യം ചെയ്തതിലൂടെ കുന്തളൂരിലെ ഒരു വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന കള്ളനോട്ട് അച്ചടി കേന്ദ്രം കണ്ടെത്തുകയായിരുന്നുവെന്ന് ഫ്യൂച്ചർ സിറ്റി പോലീസ് കമ്മീഷണർ തരുൺ ജോഷി വ്യക്തമാക്കി. ഇവിടെ നടത്തിയ റെയ്ഡിൽ പ്രിന്ററുകൾ, ലാപ്‌ടോപ്പ്, കറൻസി കട്ടിംഗ് മെഷീനുകൾ, കള്ളനോട്ട് കെട്ടുകൾ എന്നിവ പിടിച്ചെടുത്തു. യഥാർത്ഥ 500 രൂപ നോട്ടുകൾ സ്കാൻ ചെയ്ത ശേഷം ഫോട്ടോഷോപ്പിലൂടെ എഡിറ്റ് ചെയ്ത് പ്രിന്റ് എടുക്കാൻ യൂട്യൂബ് വഴിയാണ് പ്രതിയായ കരുണാകർ പഠിച്ചതെന്ന് പോലീസ് പറഞ്ഞു.
കള്ളനോട്ട് വാങ്ങാൻ യഥാർത്ഥ പണവുമായി എത്തുന്നവരെ പോലീസ് ചമഞ്ഞ് ഭീഷണിപ്പെടുത്തി കൊള്ളയടിക്കുന്നതായിരുന്നു സംഘത്തിന്റെ തട്ടിപ്പ് രീതി. സംഘത്തിലെ രണ്ടുപേർ യഥാർത്ഥ നോട്ടുകൾ കാണിച്ച് ഇടപാടുകാരുടെ വിശ്വാസ്യത നേടുകയും, പണം കൈമാറുന്ന സ്ഥലത്തേക്ക് മറ്റുള്ളവർ വ്യാജ പോലീസ് യൂണിഫോമിൽ എത്തുകയുമായിരുന്നു പതിവ്. വ്യാജ പോലീസ് തിരിച്ചറിയൽ കാർഡുകൾ, വാക്കി-ടോക്കികൾ, ഡമ്മി പിസ്റ്റൾ എന്നിവ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ഇടപാടുകാരുടെ പക്കലുള്ള യഥാർത്ഥ പണവുമായി സംഘം കടന്നുകളയും; ഇത്തരത്തിൽ രണ്ട് ഇടപാടുകളിലായി അഞ്ച് ലക്ഷം രൂപ ഇവർ കവർന്നതായും പോലീസ് വെളിപ്പെടുത്തി.
കേസിലെ മറ്റ് പ്രതികളായ ജല്ലി വെങ്കിടേഷ്, കുഞ്ച ബാലരാജു, കമ്പസതി ശ്രീനിവാസ് എന്നീ മൂന്നുപേർ നിലവിൽ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയ പോലീസ്, കേസിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താൻ വിശദമായ അന്വേഷണം നടത്തിവരികയാണ്.





