ചെന്നൈ: സംസ്ഥാനത്തെ 14 സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരോ പൂർണ്ണരൂപത്തിലുള്ള സിൻഡിക്കേറ്റോ ഇല്ലാതെ പ്രവർത്തിക്കുന്നതിൽ തമിഴ്‌നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി വിശദീകരണം തേടി. കഴിഞ്ഞ മൂന്ന്-നാല് വർഷമായി തുടരുന്ന ഈ പ്രതിസന്ധി എപ്പോൾ പരിഹരിക്കുമെന്ന് വ്യക്തമാക്കാൻ സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഉടനടി നടപടിയുണ്ടായില്ലെങ്കിൽ കോളേജ് അധ്യാപകർ, വിരമിച്ച ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവരെ ഇത് സാരമായി ബാധിക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
മദ്രാസ് യൂണിവേഴ്സിറ്റി, അണ്ണാ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള പ്രമുഖ സർവകലാശാലകളാണ് നിലവിൽ വിസിമാരില്ലാതെ താത്കാലിക രജിസ്ട്രാർമാരുടെയും കൺവീനർ കമ്മിറ്റികളുടെയും മാത്രം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നത്. സർവകലാശാലകളുടെ ദൈനംദിന കാര്യങ്ങളും കോളേജുകളുടെ ഭരണനിർവ്വഹണവും മുന്നോട്ട് കൊണ്ടുപോകാൻ ഇത്തരം താത്കാലിക സംവിധാനങ്ങൾക്ക് പരിമിതികളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു കമ്മിറ്റി ഉപയോഗിച്ച് മാത്രം വലിയൊരു ഉന്നതവിദ്യാഭ്യാസ ശൃംഖലയെ മുന്നോട്ടുനയിക്കുക അസാധ്യമാണ്.
പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ വീഴ്ചവരുത്തിയ അണ്ണാമലൈ സർവകലാശാലയ്ക്കെതിരായ കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. അണ്ണാമലൈ സർവകലാശാലയിൽ ഐഎഎസ് ഉദ്യോഗസ്ഥൻ നേതൃത്വം നൽകുന്ന കൺവീനർ കമ്മിറ്റി ഭരണം നടത്തുന്നത് കാരണം ആശയവിനിമയ തടസ്സങ്ങളും ഭരണപരമായ ബുദ്ധിമുട്ടുകളും രജിസ്ട്രാർ നേരിടുന്നുണ്ടെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു.





