ബെംഗളൂരു: സ്വന്തം മകളെ പ്രണയിച്ചതിന്റെ പേരിൽ കർണാടകയിലെ ബെംഗളൂരുവിൽ മലയാളി യുവാവിനെ പെൺകുട്ടിയുടെ പിതാവ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരൺ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പെൺസുഹൃത്തിന്റെ പിതാവായ തമിഴ്‌നാട് സ്വദേശി ആനന്ദിനെ യലഹങ്ക പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.
ഇന്നലെ വൈകുന്നേരം ബെംഗളൂരു യലഹങ്കയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ആനന്ദിന്റെ പത്തൊൻപതുകാരിയായ മകളുമായി കിരൺ അടുപ്പത്തിലായിരുന്നു. ഇന്നലെ ഇരുവരെയും ഒരുമിച്ച് കണ്ടതിനെ തുടർന്നുണ്ടായ പ്രകോപനത്തിലാണ് ആനന്ദ് യുവാവിനെ അടിച്ചുകൊലപ്പെടുത്തിയത്.
രാത്രി പന്ത്രണ്ടരയോടെയാണ് കിരൺ കൊല്ലപ്പെട്ട വിവരം പാലക്കാട്ടുള്ള ബന്ധുക്കൾ അറിയുന്നത്. തുടർന്ന് അവർ ബെംഗളൂരുവിൽ എത്തിയിട്ടുണ്ട്. യലഹങ്കയിൽ സ്വീറ്റ് കോൺ നിർമ്മാണത്തിനുള്ള യന്ത്രങ്ങൾ ഉണ്ടാക്കുന്ന കമ്പനി നടത്തിവരികയായിരുന്നു പിടിയിലായ ആനന്ദ്. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം കിരണിന്റെ ഭൗതികദേഹം പാലക്കാട്ടേക്ക് കൊണ്ടുപോകും.





