ന്യൂഡൽഹി: രണ്ടിൽ കൂടുതൽ കുട്ടികളുള്ള വ്യക്തികൾ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് തടയുന്ന നിയമങ്ങൾക്ക് നിലവിലെ സാഹചര്യത്തിൽ യാതൊരു പ്രസക്തിയുമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. മൂന്നാമത്തെ കുഞ്ഞ് ജനിച്ചതിന്റെ പേരിൽ മഹാരാഷ്ട്രയിലെ കകോഡാ ഗ്രാമപഞ്ചായത്ത് സർപഞ്ച് മംഗള ഭീംറാവുവിനെ അയോഗ്യനാക്കിയ ബോംബെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിർണ്ണായക നിരീക്ഷണം.
രാജ്യത്തെ ജനസംഖ്യാപരമായ ഘടനയിൽ പ്രകടമായ മാറ്റങ്ങൾ വന്നതോടെ ഇത്തരം നിയന്ത്രണങ്ങളുടെ യുക്തി നഷ്ടപ്പെട്ടുവെന്നും കൂടുതൽ കുട്ടികളുള്ളവരെ ശിക്ഷിക്കുന്ന നിലപാട് ഇനി തുടരാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. 2003-ൽ ഇന്ത്യയിലെ ശരാശരി പ്രത്യുൽപ്പാദന നിരക്ക് 3 ആയിരുന്നത് നിലവിൽ 1.9 ആയി കുറഞ്ഞ യാഥാർത്ഥ്യവും കോടതി എടുത്തുപറഞ്ഞു.
ഹരിയാന സർക്കാരിന്റെ സമാനമായ രണ്ട് കുട്ടി നിയന്ത്രണ നിയമം ശരിവെച്ച 2003-ലെ സുപ്രീം കോടതി മൂന്നംഗ ബെഞ്ച് വിധി പുനഃപരിശോധിക്കുന്നതിനായി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാനും കോടതി ഉത്തരവിട്ടു. തദ്ദേശ തെരഞ്ഞെടുപ്പിലെ ഈ വിലക്ക് ഇതിനകം ഏഴ് സംസ്ഥാനങ്ങൾ പിൻവലിച്ചെങ്കിലും അസം, ഗോവ, ഗുജറാത്ത്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഈ വ്യവസ്ഥ ഇപ്പോഴും തുടരുന്നുണ്ട്.





