ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് കമ്മീഷണർമാർക്കും സമ്പൂർണ്ണ നിയമപരിരക്ഷ നൽകുന്ന വ്യവസ്ഥയെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ് അയച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടത്. ഹർജികൾ തുടർവാദത്തിനായി കോടതി ഡിസംബർ 18-ലേക്ക് മാറ്റി.
2023-ലെ 'ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്സ്' നിയമത്തിലെ സെക്ഷൻ 16-നെതിരെ ആർജെഡി എംപി മനോജ് ഝാ, അഭിഭാഷകൻ അരുൺ കുമാർ അഗർവാൾ എന്നിവരാണ് കോടതിയെ സമീപിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് ഔദ്യോഗിക ചുമതലകൾ നിർവ്വഹിക്കുന്ന വേളയിലെ നടപടികളിൽ, സർവീസ് കാലയളവിലും വിരമിച്ച ശേഷവും സിവിൽ, ക്രിമിനൽ നടപടികളിൽ നിന്ന് പൂർണ്ണ പരിരക്ഷ ഉറപ്പാക്കുന്നതാണ് ഈ നിയമവ്യവസ്ഥ.
അഴിമതി, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് പോലും ഈ വകുപ്പ് സംരക്ഷണം നൽകുന്നുവെന്നും ഇത് കോടതികളുടെ ജുഡീഷ്യൽ പരിശോധനാ അധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. പൗരന്മാർക്ക് നിയമപരിഹാരം തേടാനുള്ള അവകാശത്തെ ഇല്ലാതാക്കുന്ന ഇത്തരം പൂർണ്ണ പരിരക്ഷ ഭരണഘടനയുടെ 14, 21 അനുച്ഛേദങ്ങളുടെ ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.





