ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു 'ദേശദ്രോഹി'യാണെന്നും അദ്ദേഹം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും അഞ്ച് മിനിറ്റിനകം തെളിയിക്കാൻ തനിക്ക് കഴിയുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയെ നേരിട്ട് സംവാദത്തിന് ക്ഷണിച്ചുകൊണ്ടാണ് പഞ്ചാബിലെ സംഗ്രൂരിൽ നടന്ന ‘ഇൻസാഫ് റാലി’യിൽ അദ്ദേഹം ഈ വെല്ലുവിളി ഉയർത്തിയത്. കേന്ദ്രത്തിലെ എൻഡിഎ സർക്കാർ ഒരു വർഷത്തിനകം താഴെവീഴുമെന്നും റാലിയെ അഭിസംബോധന ചെയ്യവെ അദ്ദേഹം പറഞ്ഞു.
യുഎസുമായി കരാറിൽ ഒപ്പിടാൻ ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്തിയതായി രാഹുൽ ഗാന്ധി ആരോപിച്ചു. നരേന്ദ്ര മോദിക്ക് ഇഷ്ടമുള്ള ആരെ വേണമെങ്കിലും ഈ ചർച്ചയുടെ വിധികർത്താവാക്കാമെന്നും എന്നാൽ തനിക്കുമുന്നിൽ വന്നിരുന്ന് സംസാരിക്കാൻ മോദിക്ക് സാധിക്കില്ലെന്ന് രാജ്യത്തിന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
മോദി ഒരിക്കലും ചർച്ചയ്ക്ക് തയ്യാറാകില്ലെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. എന്നാൽ സംവാദത്തിന് വന്നാൽ അഞ്ച് മിനിറ്റ് കൊണ്ട് ആരാണ് യഥാർത്ഥ ദേശവിരുദ്ധനെന്ന് ബോധ്യപ്പെടുത്താൻ തനിക്ക് കഴിയുമെന്നും അദ്ദേഹം ആവർത്തിച്ചു.





