ന്യൂഡൽഹി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സസ്‌പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന അടിയന്തര ഹർജി സുപ്രീം കോടതി നാളെ പരിഗണിക്കും. ഹർജി ഇന്ന് കേൾക്കില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, വിദ്യാർത്ഥികളുടെ വാദങ്ങളിൽ ന്യായമുണ്ടെങ്കിൽ അവർക്കായി പ്രത്യേക പുനഃപരീക്ഷ നടത്താൻ നിർദേശിക്കാമെന്നും വ്യക്തമാക്കി.
വിദ്യാർത്ഥികളുടെ വിശദീകരണം പൂർണ്ണമായി കേട്ട ശേഷമായിരിക്കും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയെന്നും കോടതി അറിയിച്ചു. ഇന്ന് രാവിലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് മുന്നിലാണ് ഹർജി പരാമർശിച്ചത്.
സസ്‌പെൻഷൻ കാലാവധി കാരണമാണ് തങ്ങളുടെ അറ്റൻഡൻസിൽ കുറവുണ്ടായതെന്നും പരീക്ഷ എഴുതാൻ അനുവദിക്കണമെന്നുമാണ് വിദ്യാർത്ഥികൾ ഹർജിയിലൂടെ ചൂണ്ടിക്കാട്ടിയത്. സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിലവിൽ പ്രതിഷേധം തുടരുന്ന വിദ്യാർത്ഥികൾ.





