ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടിയിലധികം രൂപയുടെ ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ് (RHFL), റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് ലിമിറ്റഡ് (RCFL) എന്നിവയുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ 263.05 കോടി രൂപയുടെയും, റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട കേസിൽ 247.12 കോടി രൂപയുടെയും സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഇതോടെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പിഎംഎൽഎ), വിദേശനാണയ നിയന്ത്രണ നിയമം (ഫെമ) എന്നിവ പ്രകാരം അനിൽ അംബാനി ഗ്രൂപ്പിൽ നിന്ന് ഇഡി കണ്ടുകെട്ടിയ ആകെ ആസ്തികളുടെ മൂല്യം 23,100 കോടി രൂപയായി ഉയർന്നു.
രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, മഹാരാഷ്ട്രയിലെ ആറ് ഭൂമിയിടങ്ങളും ഒരു ഓഫീസ് സമുച്ചയവും, തമിഴ്‌നാട്ടിലെ രണ്ട് കാറ്റാടിയന്ത്രങ്ങൾ (വിൻഡ് മില്ലുകൾ), വിവിധ ബാങ്ക് നിക്ഷേപങ്ങൾ, സ്ഥിരനിക്ഷേപങ്ങൾ, ലഭിക്കാനുള്ള കുടിശ്ശികകൾ എന്നിവയാണ് പുതുതായി കണ്ടുകെട്ടിയ സ്വത്തുക്കളുടെ പട്ടികയിലുള്ളത്. ഡൽഹി സിബിഐ, ഡൽഹി പോലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം, മുംബൈ പോലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നിവ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇഡി നടപടി.
ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമെടുത്ത വായ്പകൾ തിരിച്ചടയ്ക്കാതിരിക്കുക, പൊതുപണം വഴിതിരിച്ചുവിടുക, വ്യക്തിഗത നേട്ടങ്ങൾക്കായി കമ്പനി സ്വത്തുക്കൾ സംരക്ഷിക്കാൻ പാപ്പരത്ത ചട്ടങ്ങൾ ദുരുപയോഗം ചെയ്യുക തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് അനിൽ അംബാനിക്കെതിരെ നിലനിൽക്കുന്നത്. റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ, റിലയൻസ് ക്യാപിറ്റൽ, റിലയൻസ് കമ്മ്യൂണിക്കേഷൻസ്, ആർഎച്ച്എഫ്എൽ, ആർസിഎഫ്എൽ എന്നീ കമ്പനികൾ ഇഡിയുടെ വിശദമായ അന്വേഷണ പരിധിയിലാണെന്നും അധികൃതർ അറിയിച്ചു.





