ലേ: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ 'ഹിമാലയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആൾട്ടർനേറ്റീവ്സ്' നടത്തുന്ന 'ഡെസേർട്ട് ഫ്ളവർ' സ്കൂളിന്റെ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ ലഡാക്ക് ഭരണകൂടം ഉത്തരവിട്ടു. സ്കൂളിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജമ്മു-കശ്മീർ-ലഡാക്ക് ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ആവശ്യമായ അനുമതികളോ അംഗീകാരങ്ങളോ ഇല്ലാതെയാണ് സ്കൂളിലെ ക്ലാസുകളും മറ്റ് പ്രവർത്തനങ്ങളും ആരംഭിച്ചതെന്ന് നവംബർ ഒന്നിന് നൽകിയ നോട്ടീസിൽ അധികൃതർ വ്യക്തമാക്കുന്നു. സ്കൂളിന് എൻഒസി ആവശ്യപ്പെട്ട് സ്ഥാപകയും സിഇഒയുമായ ഗീതാഞ്ജലി സെപ്റ്റംബർ 22-ന് ഡെപ്യൂട്ടി കമ്മീഷണർക്ക് കത്ത് നൽകിയിരുന്നുവെങ്കിലും, അനുമതി ലഭിക്കുന്നതിന് മുൻപേ തന്നെ പഠനപ്രവർത്തനങ്ങൾ തുടങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതി ഉത്തരവ് വരുന്നത് വരെ ക്ലാസുകൾ നടത്തരുതെന്ന് നിർദേശിച്ചത്.
നേരത്തെ, ഇൻസ്റ്റിറ്റ്യൂട്ടിനായി ലഡാക്ക് ഭരണകൂടം അനുവദിച്ചിരുന്ന 134.5 ഏക്കറോളം വരുന്ന ഭൂമിയുടെ അലോട്ട്മെന്റ് നിബന്ധനകൾ പാലിച്ചില്ലെന്ന കാരണത്താൽ 2025 ഓഗസ്റ്റിൽ സർക്കാർ റദ്ദാക്കിയിരുന്നു. ഈ സർക്കാർ നടപടിക്കെതിരെ സ്കൂൾ മാനേജ്മെന്റ് സമർപ്പിച്ച ഹർജി നിലവിൽ കോടതിയുടെ പരിഗണനയിലാണ്.





