ചണ്ഡിഗഢ്: ആം ആദ്മി പാർട്ടിയുടെ മൂന്ന് സിറ്റിങ് എംഎൽഎമാർ ബിജെപിയിൽ ചേർന്നതിന് പിന്നാലെ മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് പിസിസി അധ്യക്ഷൻ പർഗത് സിംഗ്. എഎപി സർക്കാർ ദുർബലമാകുന്നതിന്റെ തെളിവാണിതെന്നും ഭരണകക്ഷി ബിജെപിക്ക് വഴിയൊരുക്കുകയാണെന്നും എഎൻഐക്ക് നൽകിയ പ്രതികരണത്തിൽ അദ്ദേഹം പറഞ്ഞു. എഎപി മുങ്ങുന്ന കപ്പലാണെന്നും സിബിഐ, ഇഡി റെയ്ഡുകൾ കാണിച്ച് രാഷ്ട്രീയ എതിരാളികളെ ഭയപ്പെടുത്താനുള്ള ശ്രമങ്ങളെ കോൺഗ്രസ് നേതാക്കൾ ധീരമായി നേരിടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
മുൻ ആരോഗ്യമന്ത്രി ചേതൻ സിംഗ് ജൗരമജ്ര, ഹർമീത് സിംഗ് പത്താൻമജ്ര, കുൻവാർ വിജയ് പ്രതാപ് സിംഗ് എന്നീ സിറ്റിങ് എംഎൽഎമാരാണ് കഴിഞ്ഞ ദിവസം എഎപി വിട്ട് ബിജെപിയിൽ അംഗത്വമെടുത്തത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കി പ്രമുഖ നേതാക്കളുടെ കൂടുമാറ്റം.
പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഹർമീത് സിംഗിനെയും ചേതൻ സിംഗിനെയും എഎപി നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് ഇരുവരും പാർട്ടി അംഗത്വം രാജിവെക്കുകയായിരുന്നു. ഇവരുടെ നിയമസഭാ അംഗത്വം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർക്ക് അപേക്ഷ സമർപ്പിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.





