ചെന്നൈ: വോട്ട് ചോർച്ചയ്ക്കെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഡൽഹി രാംലീല മൈതാനത്ത് ഇൻഡ്യ മുന്നണി സംഘടിപ്പിച്ച റാലിയിൽ നിന്ന് തമിഴക വെട്രി കഴകവും (ടിവികെ) മുഖ്യമന്ത്രി വിജയ്‌യും വിട്ടുനിന്നതിനെതിരെ രൂക്ഷവിമർശനവുമായി ഡിഎംകെ. വിഷയത്തിൽ ടിവികെ തുടരുന്ന മൗനത്തെ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എ. രാജ ചോദ്യം ചെയ്തു.
ടിവികെ ഫാസിസ്റ്റ് ശക്തികളോടാണ് കൂറ് പുലർത്തുന്നതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ആരോപിച്ചു. മഹാത്മാ ഗാന്ധിയുടെയും ജവഹർലാൽ നെഹ്‌റുവിന്റെയും പാരമ്പര്യം പറഞ്ഞ് മതേതരത്വത്തിന്റെ മൊത്തക്കച്ചവടക്കാരായി നിലകൊണ്ടിരുന്ന കോൺഗ്രസ് ഇപ്പോൾ വിജയ്‌യുടെ പാർട്ടിയുമായി സഖ്യമുണ്ടാക്കി ആത്മാഭിമാനം പണയം വെച്ചോ എന്നും എ. രാജ ചോദിച്ചു.
ഇൻഡ്യ മുന്നണി നയിക്കുന്ന യോഗങ്ങളിലോ പ്രക്ഷോഭങ്ങളിലോ സഹകരിക്കാത്ത ടിവികെ മുന്നണിയുടെ ഭാഗമാണോ എന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈയും ചോദിച്ചു. ഇത്രയൊക്കെയായിട്ടും ടിവികെ ഒപ്പമുണ്ടെന്ന് ചിലർ അവകാശപ്പെടുമ്പോഴും അവർ മുന്നണിക്കായി ഒന്നും ചെയ്തിട്ടില്ലെന്നും, മന്ത്രിസ്ഥാനങ്ങൾ ലക്ഷ്യമിട്ട് ടിവികെയുമായി സഖ്യമുണ്ടാക്കിയതിലൂടെ കോൺഗ്രസിന്റെയും രാഹുൽ ഗാന്ധിയുടെയും പ്രതിച്ഛായ തകർന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.





