ന്യൂഡൽഹി: ദേശീയ തലസ്ഥാനത്ത് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഹരിതപടക്കങ്ങൾ ഉപയോഗിക്കുന്നതിന് അനുമതി നൽകി കോടതി ഉത്തരവിറക്കി. ഈ മാസം ഏഴ്, എട്ട് തീയതികളിൽ രാവിലെ ഏഴ് മണി മുതൽ എട്ട് മണി വരെയും രാത്രി എട്ട് മണി മുതൽ പത്ത് മണി വരെയുമുള്ള നിശ്ചിത സമയങ്ങളിൽ മാത്രമാണ് പടക്കം പൊട്ടിക്കാൻ അനുവാദമുള്ളത്.
ആശുപത്രികൾ, നഴ്സിംഗ് ഹോമുകൾ, പ്രൈമറി-ജില്ലാ ആരോഗ്യ കേന്ദ്രങ്ങൾ, വൃദ്ധസദനങ്ങൾ, നിശ്ശബ്ദ മേഖലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ 300 മീറ്റർ പരിധിയിൽ പടക്കങ്ങൾ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
ഈ പരിസരങ്ങൾ 'നോ-ക്രാക്കർ സോണുകൾ' ആയി പ്രഖ്യാപിക്കണമെന്നും, വിവരങ്ങൾ കൃത്യമായി അടയാളപ്പെടുത്തി പൊതുജനങ്ങൾക്കായി പരസ്യപ്പെടുത്തണമെന്നും ഉത്തരവിൽ നിർദ്ദേശിക്കുന്നു.





