ലഖ്‌നൗ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരായ അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഉത്തർപ്രദേശിലെ സുൽത്താൻപൂർ മജിസ്ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കി. ഉത്തരവ് പുറപ്പെടുവിക്കുന്ന വേളയിൽ രാഹുൽ ഗാന്ധി നേരിട്ട് കോടതിയിൽ ഹാജരായിരുന്നു.
2018-ലെ കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബെംഗളൂരുവിൽ നടത്തിയ പ്രസംഗമാണ് കേസിന് ആധാരം. ഗുജറാത്തിലെ സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിന്റെ പശ്ചാത്തലത്തിൽ, സത്യസന്ധതയെയും മാന്യതയെയും കുറിച്ച് സംസാരിക്കുന്ന പാർട്ടിയുടെ അധ്യക്ഷൻ കൊലക്കേസ് പ്രതിയാണെന്ന കാര്യം ജനം മറക്കുന്നുവെന്ന് രാഹുൽ ഗാന്ധി അമിത് ഷായെ പരാമർശിച്ച് പറഞ്ഞിരുന്നു.
ഇതിനെതിരെ ബിജെപി നേതാവും സുൽത്താൻപൂർ ജില്ലാ സഹകരണ ബാങ്ക് മുൻ ചെയർമാനുമായ വിജയ് മിശ്രയാണ് 2018 ഓഗസ്റ്റ് നാലിന് രാഹുൽ ഗാന്ധിക്കെതിരെ കോടതിയെ സമീപിച്ച് പരാതി നൽകിയത്.





