മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പത്ത് ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് നവംബർ ഒന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന 'ഡൽഹി ചലോ' മഹാറാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി വീണ്ടും കത്തയച്ചു.
പരിപാടി നവംബർ പത്തിലേക്ക് മാറ്റണമെന്നും, നവംബർ ഒന്നിന് രാംലീല മൈതാനത്തിന് പകരം സാധ്യമെങ്കിൽ ബുരാഡി ഗ്രൗണ്ടിലേക്കോ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലേക്കോ വേദി മാറ്റണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യങ്ങൾ. ഇരുപതിലധികം മൊത്തവ്യാപാര, ചില്ലറവ്യാപാര കേന്ദ്രങ്ങളെ മഹാറാലി പ്രതികൂലമായി ബാധിക്കുമെന്നും ഇത് ഡൽഹി നഗരത്തെ നിശ്ചലമാക്കുമെന്നും സംഘടന ആശങ്ക പ്രകടിപ്പിച്ചു.
ദീപാവലിയോടനുബന്ധിച്ചുള്ള കച്ചവട സീസണിൽ റാലി വലിയ തിരിച്ചടിയാകുമെന്നും പതിനായിരം കോടി രൂപയുടെയെങ്കിലും നഷ്ടം സംഭവിക്കുമെന്നും കത്തിൽ വ്യക്തമാക്കുന്നു. നേരത്തെ ഉണ്ടായ സമരങ്ങളുടെ പശ്ചാത്തലത്തിൽ മൂവായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതാണ് കണക്കുകളെന്നും വ്യാപാരി സംഘടന ചൂണ്ടിക്കാണിച്ചിട്ടുണ്ട്.





